കൊച്ചി : സുപ്രീംകോടതി ഓര്‍ത്ത്ഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളിയില്‍ തിരികെ പ്രവേശിക്കുമെന്ന് പ്രഖ്യാപനവുമായി യാക്കോബായ സഭ. കോടതി ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് ഇറങ്ങേണ്ടി വന്ന 52 പള്ളികളിലേക്ക് ഈ മാസം 13ന് പ്രവേശിക്കുമെന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പള്ളികളില്‍ നിന്ന് ഇടവക അംഗങ്ങളെ പുറത്താക്കരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കുള്ളില്‍ വീണ്ടും പ്രവേശിക്കാനായി യാക്കോബായ സഭ ഒരുങ്ങുന്നത്. വിശ്വാസികളെ പുറത്താക്കുകയും പള്ളികള്‍ പിടിച്ചെടുക്കുകയും ശവസംസ്കാര ചടങ്ങുകള്‍ തടയാനും തുടങ്ങിയതോടെ ഓര്‍ത്ത് ഡോക്സ് യാക്കോബായ സഭകള്‍ പരസ്പരമുള്ള എല്ലാ കൂദാശ ബന്ധങ്ങളും നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.
കൂടാതെ ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും ഇതിനെ തുടര്‍ന്ന് യാക്കോബായ സഭ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സമരങ്ങളും നടത്തിയിരുന്നു. അഞ്ചാം തിയതി മുതല്‍ വിധി നടപ്പാക്കിയ പള്ളികള്‍ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ഓര്‍ത്ത്ഡോക്സ് സഭയും വിമര്‍ശിച്ചു. ശബരിമലയില്‍ വിധി നടപ്പാക്കാന്‍ കാണിച്ച ആര്‍ജ്ജവം സര്‍ക്കാര്‍ മലങ്കര സഭാ കേസില്‍ കാണിക്കുന്നില്ല. വിധിന്യായങ്ങള്‍ താമസിപ്പിക്കുന്ന രീതി അരാജകത്വം സൃഷ്ടിക്കുമെന്നും ഓര്‍ത്ത്ഡോക്സ് സഭ പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. സഭാവിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.
വിധിന്യായങ്ങള്‍ വൈകിപ്പിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കൈകൂപ്പി നില്ക്കുന്നവര് സഭാവിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. എറണാകുളം ജില്ലയില്‍ മാത്രമുള്ള യാക്കോബായ വിഭാഗത്തെയും അവരുടെ രാഷ്ട്രീയ തന്ത്രങ്ങളേയും ഭരണകൂടം ഭയക്കുകയാണെന്നും ഓര്‍ത്ത്ഡോക്സ് വിഭാഗം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: