കണ്ണൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി കണ്ണൂര്‍ ജില്ലയില്‍ സിപിഎം. യുഡിഎഫ് ആകട്ടെ പ്രചാരണ രംഗത്ത് നിഷ്ക്രിയം. അതേസമയം, ദേശീയ ജനാധിപത്യ സഖ്യം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നു.
യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവുമായി യുഡിഎഫ് രഹസ്യനീക്കുപോക്കുകളുണ്ടാക്കിയെന്ന് ആരോപണമുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പിനു മുന്നേ പരാജയം സമ്മതിച്ച സ്ഥിതിയിലാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോരും പ്രാദേശിക നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുള്ളതും യുഡിഎഫിനെ കുഴക്കുന്നു.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയ്ക്ക് അനുകൂലമായ അടിയൊഴുക്കുകള്‍ ശക്തം. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇത്തരം പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പതിവ് തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും ആന്തൂര്‍ നഗരസഭാ പരിധിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിച്ചു. ശ്രീകണ്ഠപുരം നെടുങ്ങോത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്കുള്ള വഴി സിപിഎമ്മുകാര്‍ ചെങ്കല്ല് നിരത്തി തടഞ്ഞു. ചരിത്രത്തിലാദ്യമായി എന്‍ഡിഎ ഈ വാര്‍ഡില്‍ മത്സരരംഗത്തെത്തിയതിലുള്ള വിരോധമാണ് ഇതിനു കാരണമായത്.
പത്രികാ സമര്‍പ്പണം മുതല്‍ ആരംഭിച്ച സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുന്നോടിയാണെന്നും വോട്ടെടുപ്പ് ദിവസം കളളവോട്ടും ബൂത്ത്പിടുത്തവും നടത്താനുളള ആസൂത്രിത നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആരോപണമുണ്ട്. വലിയൊരു തിരിച്ചടി മുന്നില്‍ക്കണ്ടാണ് ഇത്തരം നീക്കങ്ങളെല്ലാമെന്ന് വ്യക്തം. നിക്ഷ്പക്ഷമായ വോട്ടെടുപ്പിന് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ആന്തൂര്‍, പയ്യന്നൂര്‍ മേഖലകളിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: