കൊല്ലം: കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു ശേഷമാണ് കണ്ണനല്ലൂര്‍ സ്വദേശി നാട്ടില്‍ ആഡിറ്റോറിയം തുടങ്ങിയത്, ഉപജീവനമാര്‍ഗമായി തന്നെ. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്ഥിരവും സ്വസ്ഥവുമായ വരുമാനമാര്‍ഗം എന്ന നിലയിലായിരുന്നു ഇതിന് ഇറങ്ങിത്തിരിച്ചത്. വലിയ തൊഴില്‍പ്രശ്നങ്ങളൊന്നും ഇല്ലാതെ സ്വസ്ഥമായി നടത്താനാകുന്ന ബിസിനസ് എന്ന നിലയിലാണ് ആഡിറ്റോറിയം വാടകയ്ക്ക് കൊടുക്കുക എന്ന തൊഴിലിലേക്ക് നിരവധി പ്രവാസികളും ചെറുകിട വ്യവസായികളും ആകൃഷ്ടരായത്.
എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരിയില്‍ എല്ലാം തകിടംമറിഞ്ഞു. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി. വൈദ്യുതിബില്ലും ലൈസന്‍സ് ഫീസുകളും അടക്കം എല്ലാം കുടിശ്ശികയായി. ലോക് ഡൗണിന് മുമ്പ് വിവാഹം, റിസപ്ഷന് എന്നിവയ്ക്കായി മുന്‍കൂട്ടി ആഡിറ്റോറിയം ബുക്ക് ചെയ്തവരോട് ഓരോരോ അവധി പറഞ്ഞു നീട്ടിയെങ്കിലും ഒമ്പതുമാസം കഴിഞ്ഞതോടെ അഡ്വാന്‍സായി വാങ്ങിയ തുക തിരിച്ച് ആവശ്യപ്പെടുകയാണെന്ന് ഉടമകള്‍ പറഞ്ഞു.
ജനപ്പെരുപ്പം വര്‍ധിച്ചതും ജനങ്ങള്‍ ചെറിയ സ്ഥലങ്ങള്‍ വാങ്ങി വീടുവച്ചതും കാരണം സ്വകാര്യചടങ്ങുകള്ക്കെല്ലാം ആഡിറ്റോറിയങ്ങളെ ആശ്രയിക്കാനാരംഭിച്ചു. ഇതോടെയാണ് ഈ മേഖലയില്‍ അവസരം തിരിച്ചറിഞ്ഞ് നിരവധിപേര്‍ എത്തിയത്. ലോക്ഡൗണിനു മുമ്പ് പ്രതിവര്‍ഷം അമ്പതിലേറെ ബുക്കിംഗുണ്ടായിരുന്നു. ഇപ്പോള്‍ ആകെ ഗതികേടിലും ലോണെടുത്തവര്‍ ജപ്തിഭീതിയിലുമാണ്.
കോവിഡ് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആഡിറ്റോറിയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. മാര്‍ച്ചില്‍ പൂട്ടുവീണവ ഉടനെയെങ്ങും തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികഭാരം മൂലം തകര്‍ന്നുപോകുമെന്നാണ് ഉടമകള്‍ പറയുന്നത്. അടുത്തിടെയായി അന്വേഷണങ്ങളുണ്ടെങ്കിലും ബുക്കിങ്ങുകള്‍ നടക്കുന്നില്ല. കോവിഡ് കാരണം പെഡല്‍ സാനിറ്റൈസര്‍ ഡിസ്പെന്‍സറുകളും തെര്‍മല്‍ സ്കാനറുകളും മിക്കവരും വാങ്ങിക്കഴിഞ്ഞു.
കെട്ടിടനികുതി ഇളവുമില്ല
പലയിടത്തും ഓപ്പണ്‍ എയര്‍ ആഡിറ്റോറിയങ്ങളുണ്ട്. അവിടെ സാമൂഹികഅകലം പാലിച്ചുകൊണ്ട് ചടങ്ങു നടത്താം. തദ്ദേശസ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട കെട്ടിടനികുതി ഇളവുകള്‍ക്കായി ആഡിറ്റോറിയം ഉടമകളില്‍ പലരും അപേക്ഷ നല്‍കിയെങ്കിലും പലര്‍ക്കും ഇളവുലഭിച്ചിട്ടില്ല.
വൈദ്യുതി ഫിക്സഡ് ചാര്‍ജിനത്തിലും പതിനായിരങ്ങള്‍ കെഎസ്ഇബിക്ക് അടയ്ക്കുന്നവരാണ് ഭൂരിഭാഗവും. മലിനീകരണ നിയന്ത്രണബോര്‍ഡില്‍നിന്നുള്ള ലൈസന്‍സ് കാലാകാലങ്ങളില്‍ പുതുക്കാനും വന്‍ തുക വേണം. ഫയര്‍സേഫ്റ്റി ലൈസന്‍സും പുതുക്കണം. കെട്ടിടം, എസി, ജനറേറ്ററുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി വര്‍ഷംതോറും കൃത്യമായി നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: