ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ പേരില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങളാണ് ഉയരുന്നതെന്ന വെളിപ്പെടുത്തലുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ സമരക്കാരില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്നും പോലീസിനും മറ്റ് ഏജന്‍സികള്‍ക്കും അക്രമം നടത്തുന്ന സമരക്കാരുടെ ഖാലിസ്ഥാനി ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നയത്തിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാനി, തീവ്ര ഇടതുപക്ഷ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
കര്‍ഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി ജബ് ഇന്ദിരാഗാന്ധി കോ യെ കര് സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര് സക്തെ (ഇന്ദിരാ ഗാന്ധിയെ ചെയ്തെങ്കില്‍ എന്തുകൊണ്ട് മോദിയെ പറ്റില്ല) എന്നതു മാറിയതാണ് അന്വേഷണ ഏജന്‍സികളുടെ സംശയത്തിന് കാരണം. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക വേഷത്തിലുള്ളവരും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരുമാണ് ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിക്കുന്ന ഇവര്‍ മോദിയെയും അതേ മാതൃകയില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കുകയാണ്. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
ജെഎന്‍യുവിലും ദല്‍ഹിയിലെ ഷഹീന്‍ബാഗിലും ഇന്ത്യാ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ശക്തികള്‍ തന്നെയാണ് ദല്‍ഹിയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷക സമരമെന്ന പേരിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും എന്നതാണ് ലഭിക്കുന്ന വിവരം. എസ്എഫ്ഐ, ഐസ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെയും തീവ്ര മുസ്ലിം സംഘടനകളുടെയും സമരത്തിലെ സാന്നിധ്യമാണ് സുരക്ഷാ ഏജന്‍സികളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. ഇതിന് പിന്നാലെ പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ്, അകാലി പ്രവര്‍ത്തകരായ കര്‍ഷകരുടെ കൂട്ടത്തിലെ ഖാലിസ്ഥാനി അനുകൂലികളുടെ സജീവ സാന്നിധ്യവും ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഇതിനിടെയാണ് ഖാലിസ്ഥാനി മുദ്രാവാക്യം സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറുന്നത്.
സമരം ചെയ്യുന്ന യഥാര്‍ത്ഥ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷകരുമായി ഏതു വിധേനയുമുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും സജ്ജമാണ്. കര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് പുതിയ കാര്‍ഷിക നയങ്ങള്‍. ഇക്കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്താനുള്ള ശ്രമമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്നും കൃഷി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: