ശബരിമല അയ്യപ്പതീര്ത്ഥാടനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ ഭക്തജനപ്രതിഷേധം ഉയരുകയാണ്. ആചാര സംരക്ഷണത്തിന് ശക്തമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഹിന്ദു സമൂഹം ഒന്നായി പ്രതിജ്ഞയെടുക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ പറയുന്നു. ജന്മഭൂമിക്ക് വേണ്ടണ്ടി അജിത്ത് തട്ടയ്ക്ക് അനുവദിച്ച അഭിമുഖം.
വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണം
കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ശബരിമലക്ഷേത്രത്തേയും ഹിന്ദു സംസ്കാരത്തെയും തകര്‍ക്കുവാന്‍ മതേതരത്വ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഓരോ മണ്ഡല-മകരവിളക്ക് കാലത്തും ഓരോ രീതിയിലാണ് ഇവര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നാമം ജപിക്കുക എന്ന ആയുധമാണ് നമുക്കു മുമ്പില്‍ ഉള്ളത്. മറ്റ് ഏതൊരു ആയുധത്തേക്കാള്‍ മൂര്‍ച്ചയേറിയ ആയുധമാണ് ആണ് നാമം ജപിക്കുക എന്നത്. പ്രത്യേകിച്ച് കലികാലത്തില്‍ നാമം ഉച്ചരിക്കുകയാണ് ഏറ്റവും ഉത്തമം. നാമജപത്തിന്റെ ശക്തി നമ്മള് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിയെത്തുടര്‍ന്ന് തിരിച്ചറിഞ്ഞതാണ്.
അയ്യപ്പസേവാ സമാജത്തിന് പിന്തുണ
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടി അയ്യപ്പസേവാസമാജം പോലെയുള്ള സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൊട്ടാരം ഒപ്പം ഉണ്ടാകും. ഭക്തജനങ്ങളും ഇക്കാര്യത്തില്‍ സഹകരിക്കണം. വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഭാരതത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടിവരുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ ശബരിമലയുടെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കോവിഡിനെ മറയാക്കുന്നു
കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ആചാര അനുഷ്ഠാനങ്ങളെ തടയുന്നതിന് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. കൊട്ടാരത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും അഭിപ്രായങ്ങളെ മാനിക്കാതെയാണ് ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഭക്തജനങ്ങളെ നിയന്ത്രണങ്ങളോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഭക്തജനങ്ങളുടെ പണം ലക്ഷ്യം വെച്ചാണ് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുന്നതിന്ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
രോഗവ്യാപനത്തിന് വഴിയൊരുക്കും
ദേവസ്വം ബോര്‍ഡിന്റെ തീരുമാനം രോഗവ്യാപനത്തിന് വഴിയൊരുക്കും. ഇപ്പോള്‍ തന്നെ നിരവധി ആളുകള്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇപ്രാവശ്യം കൊട്ടാരവും മറ്റു ഹൈന്ദവ സംഘടനകളും മുന്നോട്ടുവെക്കുന്നത് ഭവനം പൂങ്കാവനം എന്ന ആശയമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ ഈ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് തങ്ങളുടെ വീടുകളില്‍ 41 ദിവസം വ്രതമെടുത്ത് അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മണ്ഡല കാലം ആചരിക്കുന്നത്. ശബരിമലയെ കോവിഡ് വ്യാപനകേന്ദ്രമാണെന്ന രീതിയില്‍ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതും മറ്റൊരു ഗൂഢാലോചനയാണ്. ഭക്തജനങ്ങള്‍ കൊട്ടാരത്തിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും തീരുമാനവുമായി യോജിച്ചു നില്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: