വാസ്ക്കോ: ചിരവൈരികളായ കൊല്‍ക്കത്താ ടീമുകളുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാന് (എടികെഎംബി) വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 49-ാം മിനിറ്റില്‍ ഫിജിയന്‍ ഇന്റര്‍നാഷണല്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് ഗോളുകള്‍ നേടിയത്. എടികെ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ആറു പോയിന്റായി.
ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമായിരുന്നു. തുടക്കത്തില്‍ സെറ്റാകാന്‍ കുറച്ച് സമയം എടുത്ത ഈസ്റ്റ് ബംഗാള്‍ പിന്നീട് തകര്‍ത്തുകളിച്ചു. ഇരു വിങ്ങുകളിലൂടെ അവര്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അദ്ധ്വാനിച്ച് കളിച്ച അവര്‍ ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല.അവസാന നിമിഷങ്ങളില്‍ എടികെ മോഹന്‍ ബഗാനും അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ വീണില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എടികെ മോഹന്‍ ബഗാന് ലീഡ് നേടി. റോയ് കൃഷ്ണയും ജയേഷ് റാണയും ഹെര്‍ണാണ്ടസും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ജയേഷ് റാണായാണ് നീക്കത്തിന് തുടക്കമിട്ടത്. ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച റാണ , ഹെര്‍ണാണ്ടസിന് പാസ് നല്കി. ഹെര്‍ണാണ്ടസ് പന്ത് റോയ് കൃഷ്ണയ്ക്ക് പാസ് ചെയ്തു. പിഴയ്ക്കാത്ത ഷോട്ടില്‍ റോയ് കൃഷ്ണ പന്ത് വലയിലാക്കി.
കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ എടികെ മോഹന്‍ ബഗാന് രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ മന്‍വീര്‍ സിങ്ങാണ് ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: