ശബരിമല: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി
കഴിഞ്ഞ ദിവസം ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്കാന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശയില്‍ ശബരിമലയില്‍ ഭക്തരുടെ എണ്ണം ഇരട്ടിയാക്കിയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നിലവില്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുന്നത് രണ്ടായിരമായി ഉയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തരെന്നത് നാലായിരം ആക്കിയേക്കും. പമ്പ- ബസ് സ്റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെയുള്ള ആറു കിലോമീറ്ററില്‍ കൂടുതല്‍ ഭക്തര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വരിനില്‍ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടിയത്. ശബരിമല വരുമാനത്തിലെ ഗണ്യമായ ഇടിവ് കൂടി പരിഗണിച്ചാണ് ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്ത്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് ഇറങ്ങുന്ന പക്ഷം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും മാറ്റം വരുത്തും.
ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ആയിരം ഭക്തരെയാണ് ദര്‍ശനത്തിന് അനുവദിച്ചിരുന്നത്. ഇത് വര്‍ധിപ്പിച്ച് രണ്ടായിരം ഭക്തര്‍ക്ക് അനുമതി നല്‍കാനാണ് സാധ്യത. നിലവില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് നാലായിരമായി ഉയര്‍ത്തും. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്കിയ കത്ത് ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല ഉന്നത യോഗം പരിഗണിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ലാഭക്കൊതിയാണ് ഇത്തരം നീക്കത്തിനു പിന്നിലെന്ന ആരോപണം ശക്തമാണ്. ഇപ്പോഴും വെര്‍ച്വല്‍ക്യൂ മുഖാന്തിരം ബുക്കു ചെയ്യുന്ന ഭക്തര്‍ പോലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ തീര്‍ത്ഥാടകരെപ്പോലും നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു ബലമേകുന്ന തരത്തിലാണ് ഇപ്പോള്‍ ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: