കൊട്ടാരക്കര: കോട്ടാത്തലയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലോക്കല്‍ കമ്മിറ്റി അംഗം മത്സരത്തിനിറങ്ങിയതിന്റെ ഭാഗമായി തമ്മിലടി തുടങ്ങി. ഇന്നലെ രാത്രിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരസ്പരമുള്ള പോരില്‍ ഒരാളുടെ തല കമ്പിവടിയ്ക്ക് അടിച്ചുപൊട്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേര് അറസ്റ്റിലായി.
മൈലം ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല പടിഞ്ഞാറ് പതിനാലാം വാര്‍ഡിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ എസ്. ശ്രീകുമാറാണ് മത്സര രംഗത്തുവന്നത്. ഇതോടെ ശ്രീകുമാറിനെ പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. ഇരുവിഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സംഘര്‍ഷം ഉണ്ടായത്. വയലില്‍ക്കട ഭാഗത്തുവച്ച് രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.
കോട്ടാത്തല ചരിപ്പുറത്ത് വീട്ടില്‍ വിപിന്റെ (27) തല കമ്പിവടികൊണ്ട് അടിച്ചുപൊട്ടിച്ചു. ഒപ്പമുണ്ടായിരുന്ന വിശാഖിനെ സിമന്റുകട്ട കൊണ്ടും ഇടിച്ചു. മറുവിഭാഗത്തിലെ ലാലുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.
തമ്മിലടിയുമായി ഇരു കൂട്ടര്രും സ്ഥലത്ത് ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് രാത്രിതന്നെ കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
കോട്ടാത്തല ചരിപ്പുറത്ത് വീട്ടില്‍ വിപിന്‍, പാലവിള വീട്ടില്‍ ലാലു, പാലവിള വീട്ടില്‍ അജയകുമാര്‍, പാലവിള വീട്ടില്‍ ജയചന്ദ്രന്, ചരിപ്പുറത്ത് പടിഞ്ഞാറ്റതില്‍ വിശാഖ്, പറങ്കിമാംവിള വീട്ടില്‍ രഞ്ജിത്ത്, ഷൈനു എന്നിവരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. തുടര്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: