ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണത് . ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നു. ഗജരാജഅനുസ്മരണവും പഞ്ചരത്നകീര്‍ത്തനാലാപനവും ശ്രദ്ധേയമാണ്.
ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പന് എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. മഹാാഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍വച്ച് ഭഗവാന് ശ്രീകൃഷ്ണന് വില്ലാളിവീരനായ അര്ജുനന് ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഇതേ ദിനത്തിലാണ്. ശങ്കരാചാര്യസ്വാമികളാണ് ഇവിടെയെത്തി നിത്യപൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്. അന്നത്തെ ചടങ്ങുകളാണ് ഇന്നും തുടരുന്നത്.
ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ക്ഷേത്രത്തില്‍ 30 ദിവസം മുമ്പേ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. ഇക്കുറി മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി ആചാരത്തിലൊതുങ്ങി ഏകാദശിവിളക്കുകള്‍. അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത് മനോഹരമായ സ്വര്‍ണക്കോലത്തിലാണ്.
ദശമിനാളില്‍ ദീപാരാധനയ്ക്കുശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനു സമീപം ഗണപതിനിവേദ്യംചെയ്ത് അരി അളക്കല്‍ ചടങ്ങ് നടക്കുന്നു. തുടര്‍ന്നാണ് അത്താഴപൂജ.
ദശമിദിവസം പുലര്‍ച്ചെ 3ന് നട തുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിവസം കാലത്ത് 9 നേ നട അടയ്ക്കൂ. ഇത്രയധികംനേരം തുടര്‍ച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളില്‍ മാത്രമാണ്. ഏകാദശിദിവസം രാവിലെ 8.30 ഓടെ ശീവേലി കഴിയും. ശേഷം ഉദയാസ്തമയപൂജ. ഈ ദിവസം ഏകദേശം 2 മണിയോടെയാണ് ഉച്ചപൂജക്കുശേഷം ഉച്ചശീവേലി നടക്കുക. വൈകീട്ട് ദിപാരാധനയും അത്താഴപൂജയും കഴിഞ്ഞാല്‍ വിളക്കിന് എഴുന്നള്ളിപ്പ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും. ഏകാദശി തൊഴാനെത്തി ദ്വാദശിപണം സമര്‍പ്പിച്ച് മടങ്ങുമ്പാള്‍ ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം ഭക്തര്‍ക്ക് സായുജ്യമടയാന്‍ അഗ്നിഹോത്രികളുടെ അനുഗ്രഹവുമുണ്ടാകും. ഇക്കുറി നിയന്ത്രണങ്ങളോടെയാണ് ഭഗവല്‍ദര്‍ശനം.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ച് എല്ലാവര്‍ഷവും ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളേയും പങ്കെടുപ്പിച്ച് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനുഷ്ഠിക്കാവുന്ന വ്രതമെന്ന പ്രത്യേകത കൂടിയുണ്ട് ഗുരുവായൂര്‍ ഏകാദശിക്ക്.
ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം.എണ്ണതേച്ചു കുളിക്കരുത്, വിഷ്ണുക്ഷേത്രത്തില്‍ചെന്ന് നാമംജപിച്ചുകൊണ്ട് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കണം. താംബൂലചര്‍വ്വണം ഉപേക്ഷിക്കണം, ഉണ്ണുവാന്‍ പാടില്ല, പകല്‍ ഉറങ്ങരുത്, ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധോപവാസമാണ് വേണ്ടത്. അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്ന്നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ഉത്തമമാണ്.
ഏകാദശിനാളില്‍ തുളസീപൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: