തൃശൂര്‍: വികസനമെത്താതെ സമസ്ത മേഖലയും സ്തംഭിച്ച് കിടക്കുന്ന മുല്ലശേരി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഭരണത്തിലേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും. നിലവില്‍ 2 സീറ്റുകളാണ് പഞ്ചായത്തില്‍ ബിജെപിക്കുള്ളത്. 8-ാം വാര്‍ഡ് താണവീഥി, 14-ാം വാര്‍ഡ് മുല്ലശേരി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇതിനു പുറമേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി ബിജെപി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരുന്നു. 2-ാം വാര്‍ഡ് പെരുവല്ലൂര്‍, 3-ാം വാര്‍ഡ് അംബേദ്കര്‍, 9-ാം വാര്‍ഡ് മാനിന, 13-ാം വാര്‍ഡ് കോര്‍ളി, 15-ാം വാര്‍ഡ് പിഎച്ച്സി എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. താണവീഥി വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലൂടെയാണ് പിടിച്ചെടുത്തതെന്നത് ബിജെപിയ്ക്ക് ഇരട്ടി നേട്ടമായി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് വാര്‍ഡുകളില്‍ ബിജെപി മുന്നിലെത്തുകയും ചെയ്തു. മൊത്തം 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 സീറ്റുകളോടെ നിലവില്‍ എല്‍ഡിഎഫാണ് ഭരണത്തില്‍. യുഡിഎഫിന് 5 സീറ്റുകളുണ്ട്. ഉപതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിച്ച് ഇപ്രാവശ്യം 11 വാര്‍ഡുകള്‍ നേടി മുല്ലശേരി പഞ്ചായത്തില്‍ അധികാരത്തിലേറുമെന്ന് ബിജെപി പറയുന്നു. കര്ഷകര്ക്കുള്ളതടക്കം വിവിധ കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാതെ എല്‍ഡിഎഫ് ഭരണസമിതി ഗുരുതര കൃത്യവിലോപമാണ് കാണിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള പഞ്ചായത്തില്‍ ഇതുവരെയായിട്ടും കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിലുള്ള വായനശാല പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തി.
വിവിധ വാര്‍ഡുകളില്‍ ജനങ്ങള്‍ തിങ്ങി പാര്ക്കുന്നതടക്കമുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്കരിക്കാത്തതിനാല്‍ രൂക്ഷമായ മാലിന്യ പ്രശ്നം പഞ്ചായത്തിലുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിന് പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടില്ല. സാംസ്കാരിക നിലയങ്ങള്‍ കാടുപിടിച്ച് ഉപയോഗശൂന്യമായാണ് കിടക്കുന്നത്. പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും സ്ഥിതി വളരെ ശോചനീയാവസ്ഥയിലാണ്. പട്ടികജാതി കോളനികളില്‍ സമഗ്ര വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാതെ കോളനിവാസികളെ അവഗണിച്ചു. പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ശ്രമങ്ങളുണ്ടായില്ല. പഞ്ചായത്തിലുള്ള ബ്ലോക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണസമിതി നടത്തിയില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ അവഗണനയിലാണ്. അങ്കണവാടികള്‍ ഹൈടെക് ആക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മുല്ലശേരി പഞ്ചായത്തില്‍ ജനോപകരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാതെ എല്‍ഡിഎഫ് ഭരണസമിതി വികസനത്തെ സ്തംഭിപ്പിച്ചു. എല്‍ഡിഎഫിന്റെ ഭരണപരാജയമാണ് ഉപതെരഞ്ഞെടുപ്പില്‍ താണവീഥിയില്‍ ബിജെപി നേടയി വിജയമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: