പേരൂര്‍ക്കട: വയോധികന് കൊവിഡ് രോഗിയായിരിക്കെ നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വാസ്കുലാര്‍ ശസ്ത്രക്രിയ വിജയം. തമിഴ്നാട് സ്വദേശി പാലയ്യ (82) നാണ് കാര്‍ഡിയോ വാസ്കുലാര്‍ ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബര്‍ 10നാണ് വലതു കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമായി പാലയ്യന് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്.
നിലവില്‍ ഇദ്ദേഹം മകനൊപ്പം പാറശ്ശാലയിലാണ് താമസം. ആശുപത്രിയിലെ പരിശോധനകളില്‍ ഹൃദ്രോഗവും ഒപ്പം കൊവിഡുമുണ്ടെന്ന് സ്ഥിരീകരിച്ചു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തില്‍ നിന്ന് രക്തക്കട്ട വലതു കൈയിലെ രക്തക്കുഴലിലെത്തി രക്തസഞ്ചാരം പൂര്‍ണമായി അടഞ്ഞ നിലയിലായിരുന്നു. പ്രായക്കൂടുതല്‍, ഹൃദ്രോഗം, കൊവിഡ് മുതലായ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാല്‍ ബന്ധുക്കളെ വിവരമറിയിച്ചു. പാറശ്ശാലയില്‍ നിന്ന് ബന്ധുക്കളെത്തി സമ്മതമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 13നു തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
രക്തക്കട്ട മാറ്റുന്ന എംബോളക്ടമി എന്ന വാസ്കുലാര്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടി പ്രത്യേകമൊരുക്കിയ തീയേറ്ററിലാണ് നടത്തിയത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് നെഗറ്റീവായ പാലയ്യ ആശുപത്രിയില്‍ നിന്നു വിടുതല്‍ നേടി. കാര്‍ഡിയോ വാസ്കുലാര്‍ സര്ജന്മാരായ ഡോ. ഷഫീക്ക്, ഡോ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: