ന്യൂദല്‍ഹി: കൊറോണ വാക്സിനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തുടനീളം അതിവേഗത്തില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലേക്കും ചരക്കുവിമാനങ്ങളിലായിരിക്കും വാക്സിനുകള്‍ എത്തിക്കുക. ഇതിനായി വാക്സീനുമായി പറക്കുന്ന ചരക്കുവിമാനങ്ങള്‍ക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കും.
വാക്സിന് വിതരണത്തിനായി വിമാനത്താവളങ്ങളുമായും ചരക്കു വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന വാക്സീന് കൈകാര്യം ചെയ്യുന്നതിനു പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷമാദ്യം രാജ്യത്തു വാക്സീന് ലഭ്യമാകുമെന്നാണു കരുതുന്നത്.
അതേസമയം, കൊറോണ പ്രതിരോധത്തിനായി തയാറാക്കിയ ‘കൊവിഷീല്‍ഡ്’ വാക്സിന് 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ വാക്സിന് നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്സിന് വിതരണത്തിന് തയാറെടുത്തിരിക്കുകയാണ് സെറം.
ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക. ഇതിനുള്ള തയാറെടുപ്പുന്റെ ഭാഗമായാണ് ചരക്കുവിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. വാക്സിന് 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്സിന് ലോകവ്യാപക ഉപയോഗത്തിനായി നിര്‍മിക്കാനാണ് സെറം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: