കോഴിക്കോട്: ടോക്കണില്ലാതെ ബിവറേജ് കടകളില്‍ നിന്ന് മദ്യം വാങ്ങാമെന്ന മദ്യവ്യാപാര നയമാറ്റം വ്യക്തമായ തെരഞ്ഞെടുപ്പ് കാല ചട്ടലംഘനമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് കുറ്റപ്പെടുത്തി. മദ്യപരെ ആകര്‍ഷിക്കുന്ന ഒരു പരസ്യം പോലും പാടില്ലെന്ന എക്സൈസ് നിയമമുണ്ടായിട്ടും തെരഞ്ഞെടുപ്പു കാലത്തെ ഇത്തരം ഉപഭോക്തൃ പ്രലോഭനനയങ്ങള് കുറ്റകരമാണെന്നറിഞ്ഞു കൊണ്ടു തന്നെ തെറ്റു ചെയ്തവരെ ശിക്ഷിക്കണമെന്നും ഇയ്യച്ചേരി ആവശ്യപ്പെട്ടു.
കോവിഡുകാല ലോക്ക്ഡൗണ്‍ വേളയില്‍ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടില്‍ എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ചതും മദ്യപര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയിന്മേല് മദ്യം നല്കാന് നോക്കി പരാജയപ്പെട്ടതുമൊക്കെ വെബ്ക്യു ആപ്പില്‍ എത്തിച്ചെങ്കിലും അതും സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. സര്‍ക്കാര്‍ ഷാപ്പുകളെ നോക്കുകുത്തികളാക്കി ക്വാട്ടര്‍ ബോട്ടില്‍ കച്ചവടം വരെ ബാറുകളിലാക്കി.
ഇപ്പോള്‍ മദ്യപരെ പ്രലോഭിപ്പിച്ചും ഇടനില വില്ലനക്കാരെ വളര്‍ത്തിയും അബ്കാരികളെ പ്രീണിപ്പിച്ചും വന്‍തോതില്‍ വോട്ടും നോട്ടും നേടാമെന്ന നീച ബുദ്ധിയാണ് അധികൃതര്‍ക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: