കൊല്ലം: കൊവിഡ് ഡ്യൂട്ടിക്ക് താല്‍ക്കാലികമായി പിഎച്ച്സികളില് നിയോഗിക്കപ്പെട്ട അഡ്ഹോക്ക് നഴ്സുമാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ആറു മാസം. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ഇന്റര്‍വ്യൂ പാസായി ലിസ്റ്റില്‍ പെട്ടവരെയാണ് സംസ്ഥാനമെമ്പാടുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് അഡ്ഹോക്കായി നിയമിച്ചത്.
സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്ത് ജോലിയിലേക്ക് നിയോഗിച്ചത്. ഇവര്‍ക്ക് പുറമെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് പക്ഷേ ശമ്പളം മുടങ്ങിയിട്ടില്ല.
അഡ്ഹോക് വ്യവസ്ഥയിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിയമനം നല്‍കിയിട്ടുണ്ട്. മേയിലും ജൂണിലുമായി സര്‍വീസില്‍ പ്രവേശിച്ച 200 പേരിലേറെ ജോലി ചെയ്യുന്നതായാണ് കണക്ക്. എല്ലാവരും കുടുംബങ്ങളും പ്രാരാബ്ധങ്ങളുമുള്ളവരാണ്. ഇതെല്ലാം വിട്ടെറിഞ്ഞാണ് ദൂരെദേശങ്ങളില്‍, അപരിചിതമായ സാഹചര്യങ്ങളില്‍ ഇവര്‍ നഴ്സിങ് ജോലി ചെയ്യുന്നത്.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഈ നഴ്സുമാരെ കൊണ്ടാണ് വകുപ്പ് ചെയ്യിക്കുന്നത്. ഭവന സന്ദര്‍ശനങ്ങളും സമ്പര്‍ക്ക ലിസ്റ്റുകള്‍ തയാറാക്കലും രോഗികളുടെ പട്ടിക കൃത്യമാക്കലും കുത്തിവയ്പ്പിന് എത്തുന്നവരുടെ റെക്കാര്‍ഡുകള്‍ സൂക്ഷിക്കലുമെല്ലാമായി പിടിപ്പതു ജോലിയാണ് ചെയ്യേണ്ടത്. പലരും ദൂരസ്ഥലങ്ങളിലുള്ള വീടുകളിലേക്ക് പോകേണ്ടതിനാല്‍ അവധികള്‍ ഒന്നിച്ചുചോദിക്കാറുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ലഭിക്കാറില്ല. കൊവിഡിന്റെ വ്യാപനവും ഡ്യൂട്ടിയില്‍ ആളില്ലാത്ത സാഹചര്യവുമാണ് ഇവര്‍ക്ക് അവധി നിഷേധിക്കാന്‍ കാരണമായി പറയുന്നത്.
ശമ്പളകുടിശികയായതോടെ ആരോഗ്യ വകുപ്പില്‍ മൂന്നു മാസം മുമ്പ് തന്നെ പരാതി നല്കി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളസോഫ്റ്റ്വെയറായ സ്പാര്‍ക്കിനെ കുറ്റം ചാരി തലയൂരുകയാണ് ഉണ്ടായത്. തുടര്‍ന്ന് നിവേദനവും പരാതികളുമായി ധനകാര്യവകുപ്പിനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. എന്‍എച്ച്എം പദ്ധതിയിലേക്ക് ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് നല്കാന് അര്‍ഹമായ കേന്ദ്ര ഫണ്ട് ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: