വാരാണസി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന് പദ്ധതി പ്രകാരം 5555.38 കോടി രൂപയുടെ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി പ്രധനാമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വിന്ധ്യചാല് പ്രദേശവാസികള്‍ക്കായാണ് പദ്ധതി.
ധാരാളം നദികളും ധാതുക്കളുമുള്ള പ്രദേശമായതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം വിന്ധ്യ, ബുന്ദേല്‍ഖണ്ഡ് പ്രദേശങ്ങള്‍ അവഗണനയിലായിരുന്നതായി മോദി പറഞ്ഞു. ശിലാസ്ഥാപന ചടങ്ങുകള്‍ക്കു ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം വിഭവങ്ങളുടെ ഉറവിടമാണ് ഈ പ്രദേശങ്ങള്‍. എന്നാല്‍, വരണ്ട, ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളുടെ ചിത്രമാണ് ഇവിടങ്ങള്ക്കുള്ളത്. ഈ പ്രശ്നങ്ങള്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ, സ്ത്രീകളെ ദുരിതത്തിലാക്കിയെന്നു മാത്രമല്ല ഇവിടം ഉപേക്ഷിച്ചു പോകാന്‍ പുരുഷന്മാരെ നിര്ബന്ധിതരുമാക്കി, അദ്ദേഹം പറഞ്ഞു.
ജല്‍ ജീവന് പദ്ധതിയിലൂടെ 1.50 കോടിയിലധികം ജനങ്ങളുടെ ജീവിതമാണ് മാറിയത്. പ്രത്യേകിച്ച് ബുന്ദേല്‍ഖണ്ഡ് നിവാസികളുടെ. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിന്ധ്യാചല്‍ നിവാസികളുടെ ജീവിതവും മെച്ചപ്പെടും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തെ ഗുര്മുര വില്ലേജിലെ കുടിവെള്ള-ശുചീകരണ കമ്മിറ്റി അംഗവുമായും അദ്ദേഹം ഓര്‍ലൈനില്‍ ചര്‍ച്ച നടത്തി. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, യുപി ജല മന്ത്രി മഹേന്ദ്ര സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: