കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് ലീഗ് വിമതര്‍ തെരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി. നഗരസഭയിലെ ലീഗ് വിമതരെ പാട്ടിലാക്കി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊയ്യാമെന്ന് കണക്ക് കൂട്ടിയ മുസ്ലിം ലീഗ് നേതൃത്വത്തെ നിരാശരാക്കി വിമതര്‍ സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നു.
നഗരസഭയിലെ ചില വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇത്തവണയും വിമത നീക്കം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ (ഫോര്‍ട്ട്റോഡ്) ശിഹാബ് തങ്ങള്‍ സാംസ്കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പോടിയുടെ ഭാര്യ ഹസീന നൗഷാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുമെന്ന് സൂചനകള്‍. ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് കൂടിയാലോചന യോഗത്തില്‍ വെച്ച് മുന്‍ കൗണ്‍സിലര്‍ ഫൗസിയ റാഷിദ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള സംഖ്യ കൈമാറി. കഴിഞ്ഞ തവണ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ റാഷിദ് പൂരണം മത്സരിച്ച് വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച റാഷിദ് പൂരണത്തെയും സംഘത്തേയുമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സസ്പെന്ഷന് കാലവധി തീരും മുമ്പേ ജില്ലാ നേതൃത്വം അനുനയ ചര്‍ച്ചക്ക് വിളിച്ച് പാര്‍ട്ടി തിരിച്ചെടുത്തതായി പ്രഖ്യാപിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ വിമതര്‍ ഉന്നയിച്ച നിബന്ധനകളും ആവശ്യങ്ങളും അംഗീകരിച്ച് നടപ്പിലാക്കാമെന്നേറ്റ ലീഗ് നേതൃത്വം കേവലം തിരിച്ചെടുക്കല്‍ പ്രഖ്യാപനം മാത്രം നടത്തിയ ശേഷം ബാക്കി കാര്യങ്ങളില്‍ തീര്‍പ്പാക്കാതെ കൈയൊഴിഞ്ഞു എന്നാരോപിച്ചാണ് വിമതര്‍ വീണ്ടും ഇടഞ്ഞത്.
മറ്റു രണ്ട് വാര്‍ഡുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ രംഗത്ത് വന്ന വിമതര്‍ വിജയിച്ചു. ഇത്തവണ വിമതശല്യം കുറവാണെന്നത് പാര്‍ട്ടിക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഫോര്‍ട്ട് റോഡിലടക്കം ചില വാര്‍ഡുകളില്‍ പ്രശ്നങ്ങള്‍ പുകയുന്നുണ്ട്. വനിതാ സംവരണ വാര്‍ഡ് ആണിത്. ഇത്തവണ ഇവിടെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മറ്റി ജനറല്‍ സെക്രട്ടറി പി.വി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആമിനത്ത് സാഹിറാ ബാനുവാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. തളങ്കര ബാങ്കോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തര്‍ക്കമുണ്ടായിരുന്നു. തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡിലും കൊല്ലംപാടി വാര്‍ഡിലും ഇനിയും തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല.
പാര്‍ട്ടി തിരിച്ചെടുത്താല്‍ തിരിച്ച് വരുന്നവരെ പഴയ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് നേതൃത്വം നേരിട്ട് നിയമനം നടത്തണമെന്നും ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ ഇരുവിഭാഗത്തിനും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ സ്ഥാനാര്‍ത്ഥി നിര്ണയമുണ്ടാവണമെന്നുമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. ഇതിനോട് അനുഭാവപൂര്‍വ്വം ചര്‍ച്ചയില്‍ പ്രതികരിച്ച നേതൃത്വം പിന്നീട് കൈമലര്‍ത്തിയെന്നും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പേരിന് ചില തട്ടിക്കൂട്ടല്‍ നിയമനം നടത്തുകയുമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം ഇത്തവണയും പക്ഷപാതപരമാണെന്നും വിമതപക്ഷം പറയുന്നു.
ഇത് അംഗീകരിക്കാനാവില്ലെന്നും ഈ നിലയില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറല്ലെന്ന് കാട്ടി വിമതര്‍ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിമതരുടെ നിയന്ത്രണത്തിലുളള ഫോര്‍ട്ട് റോഡിലെ ശിഹാബ് തങ്ങള്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തക സമിതി യോഗത്തില്‍ റാഷിദ് പൂരണത്തിന്റെ മാതൃകയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വാര്‍ഡില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഫോര്‍ട്ട് റോഡിന് പുറമെ ഹൊന്ന മൂല, ചേരങ്കൈ ഒന്നാം വാര്‍ഡ്, തളങ്കര കണ്ടത്തില്‍, തളങ്കര ദീനാര്‍ നഗര്‍, കൊല്ലമ്ബാടി, പള്ളം വാര്‍ഡ്, തുരുത്തി തുടങ്ങിയ ഇടങ്ങളിലെ തര്‍ക്കങ്ങളും പാര്‍ട്ടിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: