തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് പോലീസ് ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം തടയുന്നതിനാണ് ഓര്‍ഡിനന്‍സിലെ പുതിയ വ്യവസ്ഥയെന്ന് പറയുന്നെങ്കിലും മാധ്യമങ്ങള്‍ക്കും നിയമം കൂച്ചുവിലങ്ങിടുന്നു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. നിയമ ലംഘനം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. കേസെടുക്കുന്നതിന് പോലീസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
ഏത് വിഭാഗത്തില്‍പെട്ട വിനിമയ ഉപാധി വഴിയും ഏതെങ്കിലുമൊരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ വാര്‍ത്തയോ ലേഖനമോ അതുമായി ബന്ധപ്പെട്ടവയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നത്. ഇതോടെ വാട്ട്സ്ആപ്പ് ഫേസ്ബുക്കിനോടൊപ്പം സര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതുന്ന മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
സാമൂഹ്യമാധ്യമങ്ങള്‍ മാത്രമല്ല, പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങളോടൊപ്പം പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍ ഇതെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. മാനനഷ്ടക്കേസുകളില്‍ ഹര്ജിക്കാരന് ഇല്ലാതെ തന്നെ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പോലീസിന് സ്വമേധയാ കേസെടുക്കാം. സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: