തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനില്നിന്ന് നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് പുറത്ത് ധനകാര്യസ്ഥാപനം രൂപീകരിച്ച് വിദേശത്തുനിന്ന് വായ്പയെടുക്കുന്നതു സംബന്ധിച്ചാണ് ധനവകുപ്പിന്റെ ആവശ്യപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് നിയമോപദേശം തേടിയിരിക്കുന്നത്.
ഭരണഘടനയുടെ 293(1) അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നിയമോപദേശം ആവശ്യപ്പെട്ടത്. വിദേശവായ്പ എടുക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഈ അനുച്ഛേദം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞദിവസം നരിമാന്റെ ഓഫിസിന് നല്‍കിയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ രഞ്ജിത് കാര്‍ത്തികേയനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സാധാരണ നിലയില്‍ ഫാലി എസ് നരിമാന് ഡല്‍ഹിക്ക് പുറത്ത് ഹാജരാകാറില്ലെങ്കിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ കേരള ഹൈക്കോടതിയില്‍ ഹാജരാകാനാകുമോയെന്ന സാധ്യതയും സര്‍ക്കാര്‍ വൃത്തങ്ങള്‍ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: