കണ്ണൂര്‍: സകലയിടത്തും സിപിഎം നേരിടുന്ന അപചയം ആന്തൂരിനെയും മാറ്റുന്നു. പതിറ്റാണ്ടുകളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തിന് കീഴിലായിരുന്ന ആന്തൂരില്‍ ഇക്കുറി ബിജെപിയുടെ 12 സ്ഥാനാര്‍ത്ഥികളും യുഡിഎഫിന്റെ 18 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. എങ്കിലും ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും ആറ് വാര്‍ഡുകളില്‍ സിപിഎമ്മിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തത് വ്യക്തമാക്കുന്നത്
പാര്‍ട്ടിയുടെ ഫാസിസ്റ്റ്മുഖം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലെന്നതാണ്. തങ്ങള്‍ക്ക് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്ത്തിക്കാനനുവദിക്കാതിരിക്കല് മാത്രമല്ല അവിടെ തങ്ങള്‍ക്കെതിരെ മറ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും സിപിഎം അനുവദിക്കാറില്ല. മറ്റ് പാര്‍ട്ടിക്കാരായവരെ ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്തിരിപ്പിക്കുക, ഭീഷണിയിലും പിന്തിരിയാത്തവരെ ആക്രമിക്കുക എന്നതാണ് കണ്ണൂരില്‍ പലയിടത്തും സിപിഎം കാലങ്ങളായി തുടരുന്ന രീതി.
എന്നാല്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ ഇത്തവണ എതിരില്ലാത്ത വാര്‍ഡുകള്‍ ആറായി ചുരുങ്ങിയത് വ്യക്തമാക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ആന്തൂര്‍ നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന 2015ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു. ഇത്തവണ എന്‍ഡിഎ മുന്നണി നഗരസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. 12 വാര്‍ഡുകളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ സ്വേഛാധിപത്യം ചെറുക്കാനാവാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാറാണ് പതിവ്. എന്നാല്‍ സംഘപരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കളടക്കം മുന്നോട്ടു വന്നു തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ തുടങ്ങിയതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിനാണ് രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളിലെ ബൂത്തുകളില്‍ പോലും ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും മികച്ച വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ബിജെപി ശക്തമല്ലാത്ത നഗരസഭയിലെ വാര്‍ഡുകളില്‍ പോലും ബിജെപി ജയസാധ്യത പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് 18 ഇടങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും പല വാര്‍ഡുകളിലും സിപിഎമ്മും ബിജെപിയും നേരിട്ടുളള മത്സരം നടക്കുന്ന സ്ഥിതിയാണ്.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിനെതിരായ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാജന് വിദേശത്ത് ചോരിനീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ മുടക്കി ആന്തൂര്‍ നഗരസഭയിലെ 4ാം വാര്‍ഡായ മുണ്ടപുറം വാര്‍ഡില്‍ നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് നഗരസഭാ അധികൃതര്‍ ലൈസന്‍സ് നല്കാത്തത്തിനെ തുടര്‍ന്ന് സാജന് ആത്മഹത്യ ചെയ്യുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭാര്യയുമായ വനിതാ നേതാവിനെതിരെയടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുളളില്‍ ഇപ്പോഴും ശക്തമായ വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആന്തൂരില്‍ ഇത്തവണ പ്രതിപക്ഷമുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: