കൊല്ലം: നാമനിര്‍ദ്ദേശ പത്രിക തള്ളരുതെന്ന കൊല്ലം മുന്മേയര് പ്രസന്ന ഏണസ്റ്റിന്റെ ഹര്ജിയിന്മേല് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ് പരിശോധനയ്ക്ക് ഒരു ദിനം ശേഷിക്കെയാണ് പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അവ്യക്തത നീക്കാന്‍ സാവകാശം തേടി കൊല്ലത്തെ ഇടത് മേയര്‍ സ്ഥാനാര്‍ഥി പ്രസന്ന ഏണസ്റ്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തത്.
2014-15 കാലയളവില്‍ ആധുനികസൗകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റ് മുന്‍കൂറായി ഫണ്ട് അനുവദിച്ചതാണ് സംഭവത്തിനാധാരം. മുന്‍കൂറായി പണം അനുവദിച്ചെങ്കിലും കോര്പ്പറേഷന് ആംബുലന്‍സ് ലഭിച്ചിരുന്നില്ല. ഇതുവഴി പതിനെട്ടുലക്ഷം രൂപ കോര്പ്പറേഷന് നഷ്ടം വന്നുവെന്ന് സംസ്ഥാന ലോക്കല്‍ഫണ്ട് ആഡിറ്റര്‍ കണ്ടെത്തിയിരുന്നു. ഈ തുകയില്‍ ആറുലക്ഷംരൂപ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റില്‍ നിന്നും ഈടാക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലോക്കല്‍ ഫണ്ട് ആഡിറ്റര്‍ സര്‍ച്ചാര്‍ജ് നോട്ടീസ് ഇറക്കിയത്. അന്നത്തെ കോര്പ്പറേഷന് സെക്രട്ടറി, എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും ആറുലക്ഷം രൂപവീതം ഈടാക്കണമെന്നും ആഡിറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തവണ കൊല്ലത്തെ മേയര്‍സ്ഥാനം വനിത സംവരണമാണ്. അങ്ങനെ വീണ്ടും കൊല്ലത്തെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയ പ്രസന്നയ്ക്ക് പക്ഷേ പഴയ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് പാരയായി.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികബാധ്യത വരുത്തിയാല്‍ നാമനിര്‍ദ്ദേശ പത്രിക തള്ളാമെന്നിരിക്കെ ഇക്കാര്യം മുന്നില്‍കണ്ട് ഇവര്‍ ബുധനാഴ്ച അഡ്വ. അലക്സ് എം. സ്കറിയ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ ലോക്കല്‍ ഫണ്ട് ആഡിറ്ററുടെ സര്‍ച്ചാര്‍ജ് നോട്ടീസ് താത്കാലികമായി മരവിപ്പിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജി എ. മുഹമ്മദ് മുസ്താഖ് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: