അമ്പലപ്പുഴ: അടുപ്പിച്ചുള്ള രണ്ടു കൃഷികള്‍ നഷ്ടപ്പെട്ടതിന്റെ കണക്കെണിയിലാണ് 70 ഓളം ചെറുകിട കര്‍ഷകര്‍. അമ്പലപ്പുഴ വടക്ക് കൃഷിഭവന്റെ പരിധിയിലുള്ള കപ്പാംവേലി കൊങ്ങന്നൂര് പാടശേഖരത്തിലെ കര്‍ഷകരാണ് ആശങ്കയില്‍ കഴിയുന്നത്.
വെള്ളം കിട്ടാതെ കഴിഞ്ഞ പുഞ്ചകൃഷി നശിച്ചപ്പോള്‍ തുടര്‍ച്ചയായുള്ള മഴയാണ് രണ്ടാം കൃഷിയെ മുക്കിയത്. 75 ഏക്കറുള്ള പാടശേഖരത്തില്‍ 70 ചെറുകിട കര്‍ഷകരാണുള്ളത്. വായ്പയെടുത്തും പലിശക്ക് കടം വാങ്ങിയുമാണ് രണ്ടാം കൃഷി ഇറക്കിയത്. കൊയ്യാന്‍ പാകമായപ്പോഴേക്കും തുലാമഴ കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു. പാകമായ നെല്‍ച്ചെടികള്‍ നിലംപൊത്തിയതോടെ കതിരുകള്‍ ചെളിയില്‍ അടിഞ്ഞുകൂടി.
അരിവാളിന് കോരിയെടുത്ത് കൊയ്യാന്‍പോലും പറ്റാത്ത അവസ്ഥയിലായി. ദിവസങ്ങളായി ചെളിയിലായ നെല്ലുകള്‍ കിളിര്‍ത്തുപൊങ്ങി. ഏക്കറിന് മുപ്പതിനായിരം രൂപയോളം ചെലവുവന്നിട്ടുണ്ട്.കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാശനഷ്ടം ഉറപ്പാക്കി പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടം പരിഹരിക്കാമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തുക അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ അടുത്ത കൃഷി ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: