അഴിമതിക്കാരുടെ പറുദീസയാണ് കേരളം. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണിത്. ഐക്യ കേരള രൂപീകരണത്തിനുശേഷം അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിനെതിരെയും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. പിന്നീട് മുന്നണി ബന്ധങ്ങള്‍ മാറിമറിയുകയും, കാലാവധി പൂര്‍ത്തിയാക്കിയും അല്ലാതെയും നിരവധി സര്‍ക്കാരുകള്‍ ഭരണം നടത്തുകയും ചെയ്തു. അഴിമതിക്കു മാത്രം മാറ്റമുണ്ടായില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ തൂണുകള്‍പോലും കൈക്കൂലിക്കുവേണ്ടി കൈനീട്ടാന്‍ തുടങ്ങി. കൊച്ചു കേരളത്തില്‍ അരങ്ങേറിയിട്ടുള്ള അഴിമതികളുടെ കണക്കെടുക്കാന്‍ ആര്‍ക്കുമാവില്ല. അത്രയേറെയുണ്ട്. ആശ്ചര്യകരമെന്നു പറയട്ടെ, ഇക്കാലത്തിനിടെ ഭരണാധികാരിയായിരിക്കെ അഴിമതി നടത്തിയതിന് ഒരേയൊരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇടമലയാര്‍ കേസില്‍ ആര്. ബാലകൃഷ്ണ പിള്ള. അഴിമതിയാരോപണങ്ങള്‍ ഉയരുകയും, കേസുകളില്‍ പ്രതികളാവുകയും ചെയ്ത മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോയി എന്ന ചോദ്യത്തിന്റെ മറുപടിക്കായി ഒട്ടും ആലോചിക്കേണ്ടതില്ല. അഴിമതി കേസുകള്‍ ഒത്തുതീരുന്നതില്‍ ഇടതു-വലതു മുന്നണികള്‍ പുലര്‍ത്തുന്ന പരസ്പര ധാരണ. ഈ ധാരണ അനുദിനം ശക്തിപ്പെടുകയായിരുന്നു.
അധികാരത്തിലിരുന്നുകൊണ്ട് ഇടതു-വലതു മുന്നണികള്‍ അഴിമതികള്‍ നടത്തിയത് റിലേ ഓട്ടമത്സരം പോലെയാണ്. ഭരണപക്ഷം നടത്തുന്ന അഴിമതികളെ പ്രതിപക്ഷം അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ഇതേ പ്രതിപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അഴിമതിക്കാരായ മുന്‍ ഭരണാധികാരികളെ രക്ഷിക്കുന്നു. ഈ ഒത്തുകളിയുടെയും ജനവഞ്ചനയുടെയും പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ, സോളാര്‍ അഴിമതിക്കേസുകള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എങ്ങുമെത്താതെ പോയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, കോടികളുടെ അഴിമതി നടത്തിയെന്ന് ആക്ഷേപിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗവുമായി. ഇ.കെ. നായനാരുടെ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഉയര്‍ന്ന ലാവ്ലിന് അഴിമതിയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്ന ടൈറ്റാനിയം അഴിമതിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മരവിപ്പിക്കപ്പെട്ടു. ഇടതു-വലതു മുന്നണികളിലെ നേതാക്കള്‍ ഊഴമനുസരിച്ച് കള്ളനും പോലീസും കളിക്കുന്നതാണ് ജനങ്ങള്‍ കണ്ടത്.
ഒന്നിനു പുറകെ ഒന്നായി രണ്ട് തെരഞ്ഞെടുപ്പുകള്‍ പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു-വലതു മുന്നണികള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്, മയക്കുമരുന്ന് കടത്ത്, കെ-ഫോണ്‍, ഇ-ബസ്, കിഫ്ബി എന്നിങ്ങനെ കോടാനുകോടികളുടെ അഴിമതികള്‍ സിപിഎമ്മിനെയും ഇടതുമുന്നണിയെയും വേട്ടയാടുന്നു. മുസ്ലിംലീഗ് നേതാക്കള്‍ പ്രതികളായ സ്വര്‍ണത്തട്ടിപ്പ് കേസ്, പാലാരിവട്ടം പാലം അഴിമതി കേസ് എന്നിവ യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുന്നു. ബാര്‍ കോഴ കേസും സോളാര്‍ കേസും ടൈറ്റാനിയം കേസും തിരിച്ചുവന്നിരിക്കുന്നു.
എംഎല്‍എയെന്ന നിലയ്ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടും മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി പാലാരിവട്ടം അഴിമതിക്കേസില്‍ ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഖം രക്ഷിക്കാനാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ അഴിമതിവിരുദ്ധപ്പോരാട്ടത്തിന്റെ പതാകാവാഹകരായി ജനങ്ങള്‍ക്കൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുകയുമാണ്. അഴിമതിരഹിതമായ ഭരണം സാധ്യമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ബിജെപിക്കു മാത്രമേ കേരളത്തില്‍ ഇത്തരമൊരു ഭരണം കൊണ്ടുവരാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഈ വികാരം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: