ശ്ലോകം 253
യത്ര ഭ്രാന്ത്യാ കല്പിതം തദ് വിവേകേ
തത്തന്മാത്രം നൈവ തസ്മാദ് വിഭിന്നം
സ്വപ്നേ നഷ്ടേ സ്വപ്നവിശ്വം വിചിത്രം
സ്വസ്മാദ്ഭിന്നം കിം നു ദൃഷ്ടം പ്രബോധേ
സത്യമായ അധിഷ്ഠാനത്തില്‍ ഭ്രാന്തി മൂലം കല്പ്പിതമാണതെല്ലാം. വിവേകമുദിക്കുമ്പോള്‍ വേറൊന്നല്ല അത് തന്നെയെന്ന് ബോധ്യമാകും. വിചിത്രമായ സ്വപ്നലോകം സ്വപ്നത്തിലുണ്ടായി അതില്‍ തന്നെ ലയിക്കുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ തന്റെ മനസ്സില്‍ നിന്ന് അന്യമായി സ്വപ്നവും സ്വപ്നലോകവും കാണുമോ?
വിഭ്രമം മൂലം കണ്ട ഒരു വസ്തു വിവേകവിചാരത്തിന്റെ ഫലമായി അതിന്റെ അധിഷ്ഠാനത്തെ കാണുന്നയുടനെ അപ്രത്യക്ഷമാകും. ബുദ്ധിപൂര്‍വമായും ശാസ്ത്രീയമായും പരിശോധിക്കുമ്പോള്‍ തൂണില്‍ കണ്ട ഭൂതവും കയറില്‍ കണ്ട പാമ്പും ചിപ്പിയില്‍ കണ്ട വെള്ളിയും വാസ്തവമല്ല എന്ന് മനസ്സിലാകും. അവയെ പിന്നെ അവിടെ കാണില്ല. ഒരിക്കല്‍ യാഥാര്‍ഥ്യം മനസ്സിലായാല്‍ പിന്നെ വീണ്ടും തെറ്റിദ്ധരിക്കാന്‍ ഇടയാകില്ല.
അരണ്ട വെളിച്ചത്തിലോ മറ്റോ തിടുക്കപ്പെട്ട് നോക്കുമ്പോള്‍ അതിന്റെ ശരിയായ സ്വരൂപം തീരുമാനിക്കുന്നതില്‍ തെറ്റ് പറ്റാന്‍ ഇടയുണ്ട്. എന്നാല്‍ വിവേകത്തിന്റെ വെളിച്ചത്തില്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വസ്തുസ്വരൂപം ശരിയായി അറിയാന്‍ കഴിയും. കയര്‍ കണ്ട് പാമ്പെന്ന് ഭ്രമിക്കലില് കയര്‍ മാത്രമാണ് സത്യം. കയറല്ലാതെ മറ്റ് വല്ലതും അതില്‍ കാണുന്നുണ്ടെങ്കില്‍ അത് വെറും ഭ്രാന്തിയാണ്.
അതിന് ഉണ്മയില്ല. വെളിച്ചം കൊണ്ടുവന്ന് നോക്കുമ്പോള്‍ അത് വെറും കയര്‍. നാം പേടിച്ചാലും ഇല്ലെങ്കിലും വേറൊന്നായി കണ്ടാലും കണ്ടില്ലെങ്കിലും കയറിന് മാറ്റമില്ല. എല്ലാം മനസ്സിന്റെ കല്പ്പനയാണ്. മനസ്സിനെ അതിക്രമിച്ചാല്‍ പിന്നെ ഒരിക്കലും ഒരു വിഭ്രാന്തിയുമുണ്ടാകില്ല.
സ്വപ്നം തീരുമ്പോള്‍ സ്വപ്ന പ്രപഞ്ചവും ഒടുങ്ങുന്നു. ഉണര്‍ന്നാല്‍ അത് വെറും സ്വപ്നമാണെന്ന് ബോധ്യമാകും. വിവേകമുദിച്ചാല്‍ എല്ലാ ഭ്രമങ്ങളും തീരും. പരമാത്മാവ് മാത്രമാണ് യഥാര്‍ഥത്തില്‍ ഉള്ളതെന്നും അതാണ് തന്റെ ശരിയായ സ്വരൂപമെന്നും സാധകന് അനുഭവമാകും. ജാഗ്രത്തിലെ മനസ്സ് തന്നെ സ്വപ്നത്തിലെ അനുഭവങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്. മനസ്സില്‍ നിന്ന് വേറിട്ട നിലനില്‍പ്പ് സ്വപ്നത്തിനില്ല. അതുപോലെ ഉണര്‍ന്നിരിക്കുമ്പോള്‍ വിഭ്രമം മൂലം ഇല്ലാത്തവ ഉണ്ടെന്ന് തോന്നും. വേണ്ടതു പോലെ വിവേകവിചാരം ചെയ്താല്‍ ഭ്രാന്തിയും അതേ തുടര്‍ന്നുള്ള മിഥ്യാ ദൃശ്യങ്ങളും ഇല്ലാതാകും. പരമസത്യത്തെ സാക്ഷാത്കരിച്ചവര്‍ക്ക് നാനാത്വ പ്രപഞ്ചം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: