തൃശൂര്‍: പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും രജിതയ്ക്ക് ഭര്‍ത്താവ് സജീവിനെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകളാണ്. മക്കളുടെ ചിരിയും കളിയും നിറയേണ്ട പുതിയ വീട്ടില്‍ ഓര്‍മ്മകള്‍ തളംകെട്ടി നില്ക്കുന്നു. അച്ഛനില്ലെന്ന വേദന രജിതയുടെ മക്കളിലുമുണ്ട്.
അരക്ഷിതാവസ്ഥയുടെ കൈകളില്‍ നിന്ന് സേവാഭാരതിയുടെ സുരക്ഷിതമായ കൈകളിലെത്തി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും രജിതയ്ക്ക് ഭര്‍ത്താവ് സജീവ് കൂടെയില്ലാത്തതിന്റെ നിരാശ ഏറെയുണ്ട്. മൂത്തമകന് യദുകൃഷ്ണന് 3 വയസും രണ്ടാമത്തെ മകന് ഋതു കൃഷ്ണയക്ക് ഒന്നരവയസും ഉള്ളപ്പോഴാണ് സജീവ് ഉരുള്‍പൊട്ടലില്‍ മരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി പതറി പോയ നിമിഷത്തെ കുറിച്ച് ഇന്നും ഓര്‍മ്മിക്കാന്‍ കൂടി പറ്റുന്നില്ലെന്ന് രജിത പറയുന്നു.
ചെറിയ കുട്ടികളെയും കൊണ്ട് ക്യാമ്പുകളിലും ബന്ധുക്കളുടെ വീട്ടിലുമായി അലയുകയായിരുന്നു. തുടര്‍ന്ന് വീടെന്ന സ്വപ്നവുമായി പഞ്ചായത്ത് മുതല്‍ മന്ത്രിമാരടക്കമുള്ളവരെ കണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. സേവാഭാരതി പ്രവര്‍ത്തകര്‍ വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഏറെ സന്തോഷത്തിലായിരുന്നു. തന്നെ പോലെ തന്നെ നിരാലംബരായ 16 പേര്‍ക്ക് വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രജിത പറയുന്നു.
ഇപ്പോള്‍ കയറി കിടക്കാന്‍ കിടപ്പാടമായി. ഇനി മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന ആഗ്രഹമാണ് രജിതയ്ക്കുള്ളത്. എന്നാല്‍ കൊറ്റമ്പത്തൂരില്‍ നിരാലംബരായ നിരവധി പേര് ഉണ്ടെന്നും തന്നാലാകുന്ന വിധം അവരെ സഹായിക്കണമെന്നുള്ള ആഗ്രഹം തോന്നിയതിനെ തുടര്‍ന്ന് ഈ പ്രാവശ്യം ദേശമംഗലം പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രജിത മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: