കണ്ണൂര്‍: തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പുതിയ രാഷ്ട്രീയ നീക്കവുമായി മുസ്ളീം ലീഗ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പഞ്ചായത്ത് ഇതിനുള്ള പരീക്ഷണശാലയാക്കുകയാണ് ലീഗ്.
മുസ്ളീം ലീഗിന് മേല്‍ക്കൈ ഉള്ള വളപട്ടണം പഞ്ചായത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സും ലീഗും ഒന്നിച്ച് യുഡിഎഫ് മുന്നണിയായാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഒന്നിച്ചു മത്സരിച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നാണ് ലീഗിന്റെ ആരോപണം. കഴിഞ്ഞ തവണ ആകെയുള്ള 13 വാര്‍ഡില്‍ ഒന്‍പത് സീറ്റ് നേടി കോണ്‍ഗ്രസ്സ് അംഗം പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിജെപിക്ക് ജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളൊഴിച്ച് മറ്റ് 10 വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള മൂന്ന് വാര്‍ഡുകളില്‍ ഒന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചെങ്കിലും മറ്റ് രണ്ട് വാര്‍ഡുകളില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രാദേശികതലത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ സാധ്യതയുള്ള ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനര്‍ത്തി ലീഗ് മത്സരത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഒരു പഞ്ചായത്തില്‍ മുഴുവനായും കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ലീഗ്, കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. വളപട്ടണത്തെ നീക്കം വിജയം കണ്ടാല്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും ലീഗ് തങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ സമാനമായ നീക്കം നടത്താന്‍ സാധ്യതയുണ്ട്.
ഭാവിയില്‍ കേരളത്തില്‍ ലീഗ് നടപ്പിലാക്കാന്‍ പോകുന്ന രാഷ്ട്രീയ നീക്കത്തിന്റെ ദിശാസൂചകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. ഒരു കാലത്ത് ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് അതേ കോണ്‍ഗ്രസ്സിനെ ചത്തകുതിരയായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവര്‍ഗീയ സംഘടനകള്‍ കൂടി ലീഗിന് കൂട്ടായെത്തന്നതോടെ വിശാല മുസ്ളീം ഐക്യമെന്ന മുസ്ളീം ആശയം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മുസ്ളീം ലീഗ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ ലീഗിന്റെ എതിര്‍പ്പ് മറികടന്നാണ് ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനിയെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കിയത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ കണ്ണൂരില്‍ സതീശന് പാച്ചേനി പരാജയപ്പെട്ടത് ലീഗ് കാല് വാരിയതിനാലാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ സീറ്റ് അനുവദിച്ചു തന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി നിയമസഭാ സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കൃത്യമായ സന്ദേശം കോണ്‍ഗ്രസ്സിന് നല്‍കുന്നതാണ് വളപട്ടണത്തെ ലീഗ് നീക്കം. ലീഗ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ നേതൃതലത്തില ചര്‍ച്ചയ്ക്ക് പോലും അവസരം നല്കിയില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്നതും കൃത്യമായ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: