കണ്ണൂര്‍: ബിജെപിക്കുവേണ്ടി ഇരിട്ടി നഗരസഭയില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങിയിരിക്കയാണ് ആസാമിന്റെ മകളായ മുന്മി . നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ഇതേ വാര്‍ഡിലെ താമസക്കാരായ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികളോട് മാറ്റുരക്കാന്‍ ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലെ ബോഗിനടി ഗ്രാമം സ്വദേശിനിയായ മുന്മി ഇറങ്ങിയിരിക്കുന്നത്.
ചെങ്കല്‍ പണ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് മുന്മി ഇരിട്ടിയിലെത്തുന്നത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും , ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. നമ്പര്‍ തെറ്റിയെത്തിയ ഒരു ഫോണ്‍ വിളിയായാണ് ഒടുവില്‍ വിവാഹത്തികള് കലാശിച്ചതെന്ന് മുന്മി പറഞ്ഞു.
ചെങ്കല്‍ പണയില്‍ ജോലിചെയ്യുന്ന ഒരു തൊഴിലാളിയെ സജേഷ് വിളിച്ചത് നമ്പര്‍ തെറ്റി മുന്‍മിയുടെ ഫോണിലേക്കു വരുകയായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയുന്ന ആളായിരുന്നു സജേഷ്. അതുകൊണ്ടുതന്നെ ഈവിളി ഒരു പ്രണയമായി വളരുകയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുകയും ചെയ്തു. ഇന്നും ഒരു പോറലുമേല്‍ക്കാതെ തുടരുന്ന വിവാഹ ബന്ധത്തില്‍ രണ്ട് പെണ്മക്കളും പിറന്നു.
പാരമ്പര്യമായി ഒരു കോണ്‍ഗ്രസ് കുടുംബമായിരുന്നു തന്റേതെന്ന് മുന്മി പറഞ്ഞു. അച്ഛന് ലീലാ ഗോഗോയിയും ‘അമ്മ ഭവാനി ഗൊഗോയിയും കോണ്ഗ്രസ്സുകാര് ആയിരുന്നു. എന്നാല്‍ ഇന്ന് ആസാം അടിമുടി മാറിയെന്നും ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ എത്തിയതോടെ വന്‍ വികസനമാണ് ആസാമിലെങ്ങും കാണാനാകുന്നതെന്നും അതോടെ തന്റെ കുടുംബവും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും വ്യക്തമായ മലയാള ഭാഷയില്‍ മുന്മി പറഞ്ഞു. മലയാളം പഠിച്ചതോടെ ആസാമീസ് ഭാഷ തന്നെ മറവിയിലേക്കു പോയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സായത്തമാക്കാനുള്ള ശ്രമവും നടന്നു വരികയാണ്.
താന്‍ ജയിക്കാന്‍വേണ്ടി തന്നെയാണ് ഇറങ്ങിയിരിക്കുന്നത് . അതിനായി ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തനിക്കാവും. ജയിച്ചുവന്നാല്‍ മോദി ഗവര്‍മെന്റിന്റെ എല്ലാ വികസന നയങ്ങളും വിവിധ പദ്ധതികളും നാട്ടിലെത്തിക്കാന്‍ ഞാന്‍ ശ്രമിക്കും. കേരളത്തില്‍ എത്തിയപ്പോള്‍ ആദ്യം ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പരസ്പരം മത്സരിച്ചു കടിച്ചു കീറുന്ന ഇവിടുത്തെ രാഷ്ട്രീയവും അതിനൊപ്പം കൊലപാതകങ്ങളും മനസ്സിനെ അസ്വസ്ഥ പെടുത്തിയിരുന്നു. പരസ്പര ബഹുമാനത്തിലും സഹോദര്യത്തിലും ആസാം ജനത ഇതിലും എത്രയോ ഭേദമാണെന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ താമസിക്കുന്ന പ്രദേശങ്ങളിലുള്ളവരുടെ സ്നേഹവും ബഹുമാനവും എനിക്ക് ധാരാളം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നുമാണ് ഇവിടെ മത്സരിക്കാന്‍ താന്‍ തയ്യാറായതെന്നും മുന്മി ഷാജി പറഞ്ഞു . ഇവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. മുന്മി ഷാജി പ്രദേശത്തെ നാട്ടുകാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: