ന്യൂദല്‍ഹി: ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ ആര്‍സിഇപിയില്‍ ഒപ്പുവെച്ച് പതിനഞ്ച് രാജ്യങ്ങള്‍. ചൈനീസ് നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടൊരുക്കിയ ആര്‍സിഇപി കരാറിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാട് നല്കിയ തിരിച്ചടിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയാണ് മറ്റുരാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചത്. 2012 മുതല്‍ എട്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വിയറ്റ്നാമില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് കരാര്‍ ഒപ്പിട്ടത്.
ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് കരാറിലൊപ്പുവെച്ചത്. ഏഷ്യാ-പസഫിക് മേഖലയിലെ വാണിജ്യരംഗത്ത് ചൈനീസ് കുത്തകയ്ക്ക് വഴിവെയ്ക്കുന്ന കരാറിനെതിരെ ആഗോളതലത്തില്‍ വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.
ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ കരാറിലേക്കില്ലെന്ന ചരിത്ര നിലപാട് കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്. ഗുണമേന്മയില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടി ഇന്ത്യന്‍ വിപണി പ്രതിസന്ധിയിലാവുമെന്നതടക്കമുള്ള ആശങ്കകളാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കരാറിന്റെ ഭാഗമായ രാജ്യങ്ങളിലെ ഇറക്കുമതി തീരുവ കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇകൊമേഴ്സ് മേഖല സജീവമാക്കുക തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്. ചൈനയുമായി ആഗോളതലത്തില്‍ മത്സര രംഗത്തുള്ള ഇന്ത്യന്‍ നിര്‍മ്മാണ മേഖലയ്ക്ക് അന്നത്തെ സാഹചര്യത്തില്‍ തിരിച്ചടിക്ക് സാധ്യതയുള്ളതായിരുന്നു കരാര്‍ വ്യവസ്ഥകള്‍.
കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇന്ത്യ ചേരണമോയെന്ന ചര്‍ച്ചകള്‍ ഉണ്ടാവും. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ കരാറിന്റെ ഭാഗമാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ചൈന പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മിയില്‍ വലിയ വത്യാസം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആര്‍സിഇപി കരാറിലേക്ക് തല്‍ക്കാലമില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്. ഇന്ത്യന്‍ തൊഴിലാളി മേഖലയുടേയും നിര്മ്മാണകാര്ഷിക മേഖലകളുടേയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: