ന്യൂദല്‍ഹി: സാമൂഹിക സുരക്ഷാ കോഡ് 2020ന്റെ കരട് നിയമങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. സാമൂഹിക സുരക്ഷാ കോഡിന് കീഴിലെ കരട് നിയമങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാം. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിക്ക് 45 ദിവസത്തിനുള്ളില്‍ ഇത്തരം നിര്‍ദേശങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കണം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, കെട്ടിട നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങള്‍, സാമൂഹികസുരക്ഷാ സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷാ കോഡ് വ്യവസ്ഥകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കരട് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന് നടത്തുന്നതിനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക സുരക്ഷാ ബോര്‍ഡിനു കീഴില്‍ നടപ്പാക്കുന്ന എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഫലം ലഭിക്കുന്നതിന് അസംഘടിത തൊഴിലാളികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
കെട്ടിട നിര്‍മാണം അടക്കമുള്ള നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷനും നിയമം വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പോര്‍ട്ടലിലും സംസ്ഥാന സര്‍ക്കാരിന്റെയോ സംസ്ഥാന ക്ഷേമ ബോര്‍ഡിന്റെയോ പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍ ആവശ്യങ്ങള്‍ക്കായി കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ക്കുമ്പോള്‍, ആ വ്യക്തി ജോലി ചെയ്യുന്ന സംസ്ഥാനത്തെ പദ്ധതി ഗുണഫലങ്ങള്‍ക്ക് അയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
ആ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഇത്തരം തൊഴിലാളികള്‍ക്ക് ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതാണെന്നും കരടില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: