കൊല്ലം: ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരസ്പരം സഹകരിക്കുന്ന കമ്പലടി മോഡല്‍ വ്യാപകമാക്കി ജില്ലയില്‍ ബിജെപിയെ തടയാമെന്ന ധാരണയില്‍ സിപിഎം. എസ്ഡിപിഐയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ആലോചനയാണ് ഇരുപാര്‍ട്ടികളിലെയും നേതാക്കള്സജീവമാകുന്നത്. കഴിഞ്ഞ ദിവസം ഇരവിപുരം കേന്ദ്രമാക്കി രണ്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഭാരവാഹികളും മുതിര്‍ന്ന എസ്ഡിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
പോരുവഴി പഞ്ചായത്തിലെ കമ്പലടി വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് വെറും 52 വോട്ടാണ്. അവിടെ ജയിച്ചതാകട്ടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും. സിപിഎമ്മിന്റെ ഈ പരമ്പരാഗത വാര്‍ഡ് അന്ന് നടന്ന പല സഹായങ്ങള്‍ക്കു മുള്ള പ്രത്യുപകാരമായി എസ്ഡിപിഐക്ക് നല്‍കിയത് പ്രാദേശിക ധാരണയുടെ ഭാഗമായിരുന്നു.
ജില്ലയില്‍ ബിജെപി അട്ടിമറി വിജയം നടത്തുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് രഹസ്യയോഗം ചേര്‍ന്നത്. ജില്ലയിലെ അറുപത്തെട്ടില്‍ ഇരുപത് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പതിനൊന്ന് ബ്ലോക്കില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം ബിജെപി പിടിച്ചെടുക്കും. ജില്ലാ പഞ്ചായത്തിലെ ആറ് മുതല്‍ പത്ത് വരെയുള്ള ഡിവിഷനുകളില്‍ ബിജെപി വിജയിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് പൊതുവെ പ്രത്യേകിച്ച് കൊല്ലത്ത് കോണ്‍ഗ്രസ് നിഷ്പ്രഭമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രതിപക്ഷമായി ജനമനസുകളില്‍ സ്ഥാനമുറപ്പിച്ചതായി ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സിപിഎമ്മിന്റെ അടിയന്തിര ഭാരവാഹിയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപിക്ക് അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് അടുത്ത കുറെ നാളുകളായി കൊല്ലം നഗരത്തില്‍ ബിജെപിയും യുവമോര്‍ച്ചയും നടത്തിയ ശ്രദ്ധേയമായ ചില പ്രക്ഷോഭ സമരങ്ങളാണ്.
സംസ്ഥാനത്ത് നടക്കുന്ന സമീപകാല സംഭവങ്ങള്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല അനുഭാവികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കിയിട്ടുണന്ന് നേതൃത്വത്തിന് ബോധ്യമുണ്ടെങ്കിലും അക്കാര്യം ചര്‍ച്ചയ്ക്ക് വന്നില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ സിപിഎം സസൂക്ഷ്മം വീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തതിന്റെ കണക്ക് വരെ പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി എടുത്തത്. അവിടെയും ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ബിജെപിയാണ് ചേര്‍ത്തത്.
അതേസമയം ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെയാണ് ഇത്തരം കൂടിയാലോചനകളെന്ന് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കുന്നു. എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനോ ഇടതുമുന്നണിക്കോ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ട ആവശ്യമില്ലെന്നും മറിച്ച് സംസ്ഥാനസര്‍ക്കാരിന്റെ വികസനം മാത്രം പ്രചാരണമാക്കി പാര്‍ട്ടി ജില്ലയില്‍ വന്‍ വിജയം നേടുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: