ഡിഫന്‍സ് പിആര്‍ഒ കൂടിയായ കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നെയും ഫോട്ടോ ഗ്രാഫര്‍ ആര്.ആര്. ജയറാമിനേയും വൈസ് അഡ്മിറല്‍ എ.കെ. ചാവ്ളയുടെ ദക്ഷിണ നേവല്‍ ആസ്ഥാനത്തെ ഓഫീസ് മുറിയിലെത്തിച്ചു. തികച്ചും അനൗപചാരികമായി, അടുത്തടുത്തിരുന്ന് അദ്ദേഹം മനസു തുറന്നു. ആദ്യ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുചോദ്യവും മറുപടിയും തുടര്‍ന്നുയര്‍ന്ന പൊട്ടിച്ചിരിയും ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ സുപ്രധാന ആസ്ഥാനത്തെ സുരക്ഷക്കോട്ടയിലെ ആ ഔദ്യോഗിക മുറിയില്‍ ഹൃദ്യവര്ത്തമാനങ്ങളുടെ വാതില്‍ തുറന്നു.
‘അങ്ങയുടെ 1982 ലെ ഓര്മ പറഞ്ഞാല്‍’ എന്നു ചോദ്യം.
‘എന്തുകൊണ്ട് 1982’ എന്ന് ഗൗരവത്തില്‍ മറു ചോദ്യം.
‘സര്, 1982 ജനുവരി ഒന്നിനാണ് അങ്ങ് സര്‍വീസില്‍ കയറിയത്’ എന്നു മറുപടി.
കുട്ടിക്കാലത്തില്‍ കേരളമുണ്ട്. അതേക്കുറിച്ച് ഓര്‍മിക്കുമ്പോള്‍?
അച്ഛന് സൈന്യത്തിലായിരുന്നു. അദ്ദേഹം തിരുവനന്തപുരം കഴക്കൂട്ടത്ത് സൈനിക സ്കൂളില്‍ അധ്യാപകനായി എത്തി; ഹെഡ്മാസ്റ്ററായിരുന്നു. കഴക്കൂട്ടമെന്ന് ഉച്ചരിക്കുന്നതു പോലും അന്ന് ഞങ്ങള്‍ക്ക് വിഷമമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1969 ജനുവരിയിലാണ് ആദ്യമായി കേരളത്തിലെത്തിയത്.
അഞ്ചു ദിവസമെടുത്തു ഞങ്ങളുടെ കേരളത്തിലേക്കുള്ള യാത്ര. ഡെറാഡൂണിലായിരുന്നു അച്ഛന് ജോലി, അമ്മയുടെ ജന്മനാടും അതാണ്. അങ്ങനെ അവിടുന്ന് മസൂറി എക്സ്പ്രസില്‍, മീറ്റര്‍ ഗേജ് പാളത്തിലൂടെ ഒരു രാത്രിയും പകലുമെടുത്ത് ഓള്‍ഡ് ദല്‍ഹിയിലെത്തി. അവിടെ ഒരു പകല്‍ തങ്ങി. പിന്നീട് ബ്രോഡ്ഗേജ് പാളത്തിലൂടെയുള്ള ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ് പിടിക്കാന്‍ ന്യൂദല്‍ഹി സ്റ്റേഷനിലേക്ക്. ആ ട്രെയിനില്‍ രണ്ടു ദിവസവും രണ്ടു പകലും. പ്രത്യേക കോച്ചിലായിരുന്നു യാത്ര. അകത്ത് എല്ലാ സൗകര്യങ്ങളും. ചെറിയ അടുക്കള സഹിതം. യാത്ര ഞങ്ങള്‍ ആസ്വദിച്ചു. പുസ്തകങ്ങള്‍, ഭക്ഷണം, പുറം കാഴ്ചകള്‍, വിവിധ നാടുകള്‍… ആദ്യമാദ്യം ഓരോ സ്റ്റേഷനുകളില്‍നിന്ന് ഭക്ഷണം വാങ്ങി. വൈവിധ്യമുള്ള ഭക്ഷണമായിരുന്നു. പക്ഷേ, ദക്ഷിണേന്ത്യയിലേക്ക് വന്നപ്പോള്‍ എരിവും പുളിയുമൊക്കെ കൂടിക്കൂടി വന്നു. അങ്ങനെ പിന്നെ ഞങ്ങള്‍ കരുതിയതു തയാറാക്കിക്കഴിച്ചു. യാത്ര മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നു, കേരളത്തിലേക്കുള്ള അടുത്ത വണ്ടിക്ക്. എഗ്മോര്‍ സ്റ്റേഷനിലേക്ക് പോയി. അവിടുന്ന് മീറ്റര്‍ ഗേജില്‍ തിരുവനന്തപുരം എക്സ്പ്രസില്‍ ഒരു രാത്രി. പുലര്‍ച്ചെ കഴക്കൂട്ടത്തെത്തി. സാഹസികവും കൗതുകകരവുമായിരുന്നു ആ യാത്ര. ആ യാത്രയെക്കുറിച്ച് എന്റെ അനൗദ്യോഗി യാത്രകളിലൊക്കെ ഞാന്‍ ഓര്‍മിക്കാറുണ്ട്.
അന്നത്തെ കേരളം ഇന്ന് ഏറെ മാറി. ദക്ഷിണേന്ത്യയിലേക്ക് ഞങ്ങള്‍ ആദ്യമായിരുന്നു. ഏറെ ആകര്‍ഷകമായിരുന്നു അന്നത്തെ കേരള കാലാവസ്ഥ, പച്ചപ്പ്, ഭക്ഷണവൈവിധ്യം, വസ്ത്ര ധാരണം… ഏറ്റവും വലിയ വെല്ലുവിളി ഭാഷയിലായിരുന്നു. മനസിലാക്കിക്കൊടുക്കാന്‍ വിഷമം, മനസിലാക്കാനും. അക്കാലത്ത് ഇംഗ്ലീഷ്-ഹിന്ദി ഭാഷകള്‍ അറിയാവുന്നവര്‍ കുറവായിരുന്നു. സ്കൂളിനുള്ളിലല്ല, പുറത്തായിരുന്നു വിഷമം ഏറെ. പക്ഷേ, ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ മൂന്നു വര്‍ഷം, അതായിരുന്നു 1969 മുതല്‍ 72 വരെ.
കൊച്ചിയില്‍ വന്നതിനെക്കുറിച്ച് പറഞ്ഞാല്‍?
അന്ന് ഒരിക്കല്‍ കൊച്ചിയില്‍ വന്നതോര്‍ക്കുന്നു. അച്ഛന്റെ ചങ്ങാതി ഒരാള്‍ കൊച്ചി നേവല്‍ ബസിലുണ്ടായിരുന്നു, മേട്രണ്‍ ജെസി ജോണ്‍. ഭര്‍ത്താവ് സീഫുഡ് ഇന്‍ഡസ്ട്രിയിലായിരുന്നു. അവരോടൊപ്പമാണ് ഞങ്ങള്‍ താമസിച്ചത്. അന്ന് കപ്പലില്‍ കയറിയതോര്മയുണ്ട്. കൃത്യമായ ദിവസം ഓര്‍മയിലില്ല. പക്ഷേ, അന്നത്തെ കൊച്ചിയുടെ ഭംഗി ഇന്നും ഓര്‍മയുണ്ട്; കായലിന്റെ വിശാല സൗന്ദര്യം, കാരണം മറ്റെല്ലായിടത്തും ഇടതൂര്‍ന്ന് തെങ്ങുകള്‍ നില്ക്കുന്നതേ കാണാനുള്ളായിരുന്നു. താമസിച്ച വീട് കായലോരത്തായിരുന്നു. അവിടെ കായലില്‍ നീന്തിയതോര്മയുണ്ട്. അത്രമാത്രം ശുദ്ധമായിരുന്നു വെള്ളം. അന്നൊക്കെ കടലോരങ്ങളും കായലും ഏറെ വൃത്തിയുള്ളതായിരുന്നു. കോവളം ബീച്ച്, വര്‍ക്കല ബീച്ച്… പൂര്‍ണ ചന്ദ്രനുള്ള രാത്രികളില്‍ ഞങ്ങളെ സ്കൂളില്‍നിന്ന് പിക്നിക്കിനു കൊണ്ടുപോകുമായിരുന്നു. കഴക്കൂട്ടത്തുനിന്ന് വര്‍ക്കലവരെ മാര്‍ച്ച്. അവിടെ രാത്രിയില്‍ പാട്ട്, നൃത്തം… നീന്തലൊഴികെ എന്തും. അന്ന് അത്രമാത്രം മനോഹരവും ശുദ്ധവുമായിരുന്നു കടപ്പുറം.
അക്കാലത്ത് തുമ്പയില്‍നിന്ന് റോക്കറ്റ് വിക്ഷേപണമൊക്കെ നടക്കുന്ന ആദ്യകാലമാണ്. അത് കാണാന്‍ കൊണ്ടുപോകുമായിരുന്നു. അന്നും ഇന്നും കഴക്കൂട്ടം സ്കൂള്‍ പ്രധാനമാണ്. ഒട്ടേറെ പേരെ സൈനിക മേഖലയിലെത്തിച്ചു. 1972 ല്‍ ഞാന്‍ അവിടം വിട്ടു.
പിന്നെ ഞാന്‍ കേരളത്തിലെത്തിയത് 1981 ജൂണിലാണ്. ട്രെയിനിങ്ങിന്റെ ഭാഗമായി, ഡിസംബറില്‍ പാസ് ഔട്ടായി. ദക്ഷിണ നാവിക ആസ്ഥാനം പരിശീലന കേന്ദ്രമായതിനാല്‍ ഇടയ്ക്കിടെ ഇവിടെ വരേണ്ടിയിരുന്നു.
സംസ്കൃതം പഠിച്ചിട്ടുണ്ടെന്നും നല്ല ജ്ഞാനമുണ്ടെന്നും കേട്ടിട്ടുണ്ടല്ലോ?
സംസ്കൃതം പഠിച്ചതിന് ഒരു കാരണം സ്കൂളില്‍ ഭാഷ തിരിഞ്ഞെടുക്കേണ്ടിവന്നതാണ്. കഴക്കൂട്ടത്ത് മലയാളവും സംസ്കൃതവുമായിരുന്നു. അഞ്ചാം ക്ലാസിലായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ വേറേ നാട്ടിലേക്ക് പോകണം. അപ്പോള്‍ മലയാളംകൊണ്ട് കാര്യമില്ല. അങ്ങനെ സംസ്കൃതം തിരഞ്ഞെടുത്തു.
സംസ്കൃതം പഠിപ്പിക്കാന്‍ വിശിഷ്ടനായ ഒരധ്യാപകനുണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് ഇപ്പോഴും സമ്പര്‍ക്കമുണ്ട്. എനിക്ക് ഇടയ്ക്കിടയ്ക്ക് കത്തെഴുതും; ജന്മദിനം, സ്ഥാനക്കയറ്റം തുടങ്ങിയ വേളകളില്‍. പരംവിശിഷ്ട സേവാ മെഡല്‍ ലഭിച്ചപ്പോഴാണ് പുതിയ കത്തുവന്നത്. ശിഷ്യര്‍ക്കു പലര്‍ക്കും അദ്ദേഹം എഴുതാറുണ്ട്. കൂടാതെ, ഓര്മിച്ചിരിക്കത്തക്കവിധം ഞങ്ങള്‍ ചിലര്‍ അത്രമാത്രം കുസൃതികളുമായിരുന്നു.
സംസ്കൃതവുമായുള്ള ബന്ധം പിന്നെ തുടര്‍ന്നില്ല. അതില്‍ വിഷമമുണ്ട്. എട്ടാം ക്ലാസുവരെയാണ് സംസ്കൃതം പഠിച്ചത്. പിന്നെ ഉപരിപഠനത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി വായനയും മറ്റും വേറേ വഴികളില്‍ തിരിഞ്ഞു. എന്നാല്‍ ഇന്നെനിക്ക് തോന്നുന്നു, പഴയകാല ഗ്രന്ഥങ്ങളിലേക്കൊക്കെ തിരിഞ്ഞു നോക്കേണ്ട സമയമാണിതെന്ന്. പക്ഷേ, എനിക്ക് സംസ്കൃതം അങ്ങനെ കൈകാര്യം ചെയ്യാന്‍ അറിയില്ല.
എന്‍സിസി പക്ഷപാതത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, അതിനുകാരണമെന്താണ്?
എന്‍സിസി അക്കാലത്ത് സ്കൂളില്‍ നിര്‍ബന്ധമായിരുന്നു. എനിക്ക് അതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ഇന്നും എന്‍സിസിയെ ഏതൊക്കെ തരത്തില്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കഴിയുമോ അതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. നേവല്‍ ബേസിന്റെ പരിസരത്തെ എന്‍സിസി യൂണിറ്റിന് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കാറുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടത് അവരാണ്.
എന്‍സിസി, സായുധ സേനയെക്കുറിച്ച് സ്കൂള്‍ തലത്തില്‍വെച്ചുതന്നെ കുട്ടികള്‍ക്ക് ആഴത്തില്‍ അറിവു നല്കുന്നു. പരിശീലനത്തിലൂടെ നല്ല ശീലവും അച്ചടക്കവും അവര്ക്കുകിട്ടുന്നു. ഏതു സാഹചര്യവും നേരിടാനുള്ള കഴിവു ലഭിക്കുന്നു. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലെ ദേശീയ പരിശീനല ക്യാമ്പ് ഇക്കാര്യത്തില്‍ എന്‍സിസി കേഡറ്റിന് കിട്ടാവുന്ന മികച്ച അവസരമാണ്.
ഞാന്‍ തുടര്‍ച്ചയായി മൂന്ന് ദേശീയ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ലെ റിപ്പബ്ലിക് ദിന ക്യാമ്പിലുള്‍പ്പെടെ. എട്ടാം ക്ലാസിലാണ് ആദ്യമായി ക്യാമ്പില്‍ പങ്കെടുത്തത്. അതൊക്കെ അനുഭവങ്ങളാണ്. ഒറ്റയ്ക്ക് ദല്‍ഹിക്ക്, മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ട്രെയിന്‍ യാത്ര. അവിടെ എത്തി തുടര്‍ന്ന് ട്രക്കിങ്ങുള്‍പ്പെടെ ചെയ്ത് ഏതെങ്കിലും സൈനിക താവളത്തോടു ചേര്‍ന്ന് ക്യാമ്പ്. ടെന്‍ഡുകളിലെ താമസം, റൂട്ട് മാര്‍ച്ച്, സ്വയം പാചകം, പൊതു പാചകശാലയില്‍ പ്രവര്‍ത്തനം, മറ്റു സംസ്ഥാനങ്ങളില്നിന്നുള്ളവരുമായി സഹവാസം, സമ്പര്‍ക്കം; ആശയ വിനിമയം, മത്സരം…
വിവിധ പ്രദേശങ്ങളിലുള്ളവരുമായി ചേര്‍ന്നുള്ള ആ ദേശീയ മൂല്യ ബോധവും മറ്റും വലിയ നേട്ടമാണ്. സ്വാശ്രയത്വം, ആത്മശക്തി വര്‍ധന, സാഹസികത, മികച്ച ശീലം എല്ലാം സ്വാഭാവികമായി നമ്മില്‍ വന്നു ചേരും. ഈ വേളയിലെ സാമ്പത്തിക മാനേജ്മെന്റ് വലിയ കാര്യമാണ്. തുച്ഛമായ പണമായിരിക്കും കൈയില്‍. അതുകൊണ്ട് എല്ലാ നിയന്ത്രണവും പാലിച്ചു കഴിയുക വലിയ അനുഭവമാണ്.
അദ്ദേഹം വീണ്ടും ഓര്മക്കപ്പല് കൊച്ചിയിലേക്ക് തിരിച്ചു. അത് നാവിക ആസ്ഥാന പരിസരത്ത് ഒന്ന് ചുറ്റിയടിച്ചു. ചില ചോദ്യങ്ങളിലൂടെ നാവിക ചരിത്രത്തിലേക്കും ആദ്യകാല സമുദ്ര യാനത്തിലേക്കുമൊക്കെ അതിനെ തിരിച്ചുവിട്ടു. സൂക്ഷ്മായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമായി അദ്ദേഹം അങ്ങനെ ‘സ്മൂത് സെയിലിങ്’ നടത്തി. കപ്പല്‍ ഡക്കില്‍ ശാന്തമായി ഇളം കാറ്റേറ്റിരിക്കും പോലെ ഞങ്ങള്‍ കേട്ടിരുന്നു. ആനന്ദാവേശത്തോടെ വൈസ് അഡ്മിറല്‍ തുടര്‍ന്നു:
നാവികശേഷിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒരു ചരിത്രവും പാഠവുമല്ലേ?
കുഞ്ഞാലി മരയ്ക്കാരുടെ കാര്യം പറയുമ്പോള്‍, മിഡില്‍ ഈസ്റ്റും യുറോപ്യന്‍ രാജ്യങ്ങളുമായി ഏറ്റവും കച്ചവട ബന്ധം ഉണ്ടായിരുന്ന തുറമുഖമായിരുന്നു കോഴിക്കോട്, ബേപ്പൂര്‍ തുറമുഖങ്ങള്‍. യൂറോപ്യന്മാരുടെ ശ്രദ്ധാകേന്ദ്രമായി അവിടം. അങ്ങനെയാണ് വാസ്കോ ഡ ഗാമാ വന്നത്. സാമൂതിരി രാജാക്കന്മാരുടെ കമാന്ഡര്മാരായിരുന്നുവല്ലോ കുഞ്ഞാലി മരയ്ക്കാര്‍മാര്‍. തുടക്കത്തില്‍ പോര്‍ത്തുഗീസുകാര്‍ ആദ്യം വന്നു. അങ്ങനെ വന്ന കൊളോണിയല്‍ ശക്തികള്‍ കച്ചവടം മാത്രം നടത്തുന്നുവെന്നായിരുന്നു ആദ്യശീലം. പിന്നെ അവര്‍ കുത്തകയാക്കി മാറ്റുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങി. കുഞ്ഞാലി മരയ്ക്കാന്മാര് അങ്ങനെ പ്രതിരോധിച്ചവരില്‍ ചെറു വിഭാഗമായിരുന്നു. യൂറോപ്യന്മാരെ സമുദ്രത്തില്‍ ചെറുത്തു നിന്നത് അവരുടെ നേതൃത്വത്തില്‍ ചെറിയൊരു വിഭാഗമായിരുന്നു. പക്ഷേ, കാലക്രമത്തില്‍ മരയ്ക്കാരുടെയും മറ്റും സംഘടിത ശക്തി കുറവായി. എതിരാളികള്‍ കൂടുതല്‍ മികച്ച സാങ്കേതികതയുള്ളവരും എണ്ണത്തില്‍ കൂടുതലുമായി. അവര്‍ക്ക് വെടിക്കോപ്പും തോക്കും മറ്റുമുണ്ടായിരുന്നു. ഒടുവില്‍ യുറോപ്യന്മാര് മേല്‍ക്കൈ നേടി. ബാക്കി ചരിത്രമാണ്.
കുഞ്ഞാലി മരയ്ക്കാരുടെയും മറ്റും സ്മരണകള്‍ നിലനിര്‍ത്താന്‍ നാവിക സേന ഒരു സ്ഥാപനത്തിന് കുഞ്ഞാലിയുടെ പേരിട്ടു. (മുംബൈയിലെ കൊളാബയില്‍ നാവികസേനയുടെ പരിശീലന കേന്ദ്രത്തിന് കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്റെ പേരാണ്, ഐഎന്‍എസ് കുഞ്ഞാലി 2) കാനോജ് ആംഗ്രേയ്ക്കും ഉചിതമായ സ്മരണ നിലനിര്‍ത്തുന്നു. ഇവര്‍ വൈദേശികാധിനിവേശത്തിനെതിരേ ഉയര്‍ന്നുവന്ന ആദ്യ ശക്തികളെന്ന നിലയിലാണ് ഇവരെ നമ്മള് ആദരിക്കുന്നതും ഓര്‍മിക്കുന്നതും. അതിനു ശേഷം ഇന്ന് നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിരിക്കുന്നു.
രസകരമെന്നു പറയാം, ബ്രിട്ടീഷുകാര്‍ക്ക് വലിയൊരു ഇന്ത്യന്‍ സൈനിക സന്നാഹമുണ്ടായിരുന്നു. ഒന്നും രണ്ടും ലോക യുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ബിട്ടീഷ് സൈന്യത്തെക്കാള്‍ ഏറെപ്പേര്‍ ഇന്ത്യക്കാരായിരുന്നു. അവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പക്ഷേ, അവരെ ഇന്ത്യക്കാരായി പരാമര്‍ശിക്കാനോ രേഖപ്പെടുത്താനോ ബ്രിട്ടന് തയാറായില്ല. അതുകൊണ്ട് അവരില്‍ പലതും ചരിത്രത്തിലില്ല. യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ കപ്പലുകളില്‍ വളരെക്കുറച്ച് ബ്രിട്ടീഷുകാരേ സൈനികരായി ഉണ്ടായിരുന്നുള്ളു. പക്ഷേ നയിച്ചത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ്. വിഭജനത്തിനു മുമ്പുള്ള ഇന്ത്യയുടെ ഇരുപതിലൊന്നു മാത്രമായിരുന്നു ബ്രിട്ടണ്. പക്ഷേ അവര്‍ നമ്മെമാത്രമല്ല, ലോകത്തെ ആകെ നിയന്ത്രിച്ചു. അതിനു കാരണം അവരുടെ നാവിക ശക്തിയാണ്. അവര്‍ക്ക് വലിയ നാവിക സേനയുണ്ടായിരുന്നു, മൊബൈല്‍ ആര്‍മി ഉണ്ടായിരുന്നു. ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിവേഗം അവര്‍ക്കെത്താനായി. അതുകൊണ്ടാണ് 1857 ലെ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് നാവിക സേനയ്ക്ക് അതിവേഗം ബര്‍മ, സിങ്കപ്പൂര്‍, ഈഡന് എന്നിവിടങ്ങളില്‍നിന്ന് കൊല്‍ക്കൊത്തയില്‍ എത്താനായത്. അവര്‍ക്ക് ആധുനികമായ ആയുധങ്ങളും സാങ്കേതികതയും ഉണ്ടായിരുന്നു.
കുഞ്ഞാലി മരയ്ക്കാര്‍ കഥ സിനിമയാകുന്നു. അതില്‍ ഇന്ത്യന്‍-കേരള നാവിക ചരിത്ര കാര്യങ്ങള്‍ ഉണ്ടാവുമല്ലോ?
ചൈനയിലെ ആദ്യ ഇന്ത്യന്‍ അംബാസിഡര്‍ കെ.എം. പണിക്കര്‍, അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള സര്‍ദാര്‍ ബഹുമതി ചിലര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകം ‘ഇന്ത്യ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍സ്’ എഴുതിയത് 1946 ലാണ്. ആ പുസ്തകം ഇന്നും ക്ലാസിക് പുസ്തകമായി നിലകൊള്ളുന്നു. അതില്‍ വിവരിക്കുന്നുണ്ട് നമ്മുടെ സമുദ്രത്തിലെ പ്രഭാവ കാലവും പില്ക്കാലത്ത് സംഭവിച്ച ക്ഷീണവും. അത്തരം ചരിത്രകാര്യങ്ങള്‍ കുഞ്ഞാലിമരയ്ക്കാര്‍ സിനിമയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമുക്ക് സമുദ്രത്തില്‍ ദുര്ബ്ബലരായിരുന്നുകൂടാ. ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പേരില്‍ മാത്രമാണ് സമുദ്രമുള്ളത്- ഇന്ത്യന്‍ മഹാ സമുദ്രം; വേറേ ഒരു രാജ്യവുമില്ല. അതിനു കാരണം നമ്മള് ആ മേഖലയില്‍ നമുക്ക് എല്ലാ തലത്തിലും ആധിപത്യമുണ്ടായിരുന്നതുകൊണ്ടാണ്. കൈക്കരുത്തിന്റെ കാര്യത്തിലല്ല, സംസ്കാരം, വാണിജ്യം, സംരക്ഷണം തുടങ്ങി എല്ലാ രംഗത്തും നമുക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ഇതെല്ലാം സമുദ്രത്തില്‍ നമ്മള് എത്രമാത്രം ശക്തമായിരുന്നുവെന്നും ആകണമെന്നും ജനങ്ങളെ ഒര്മിപ്പിക്കാനിടയാക്കും.
നാവിക സേനാ ആസ്ഥാനം പ്രതിരോധ സൈനിക ആവശ്യത്തിനുള്ളതാണെന്നാണ് പൊതുവേ സാധാരണക്കാരുടെ ചിന്ത. പ്രദേശവാസികള്‍ക്ക് ഇവിടം എന്ത് സേവനം നല്കുന്നു?
പ്രാദേശിക സഹകരണം നോക്കുമ്പോള്‍ ആദ്യമായി മനസിലാക്കേണ്ടത് ഇത് ഇന്ത്യന്‍ നേവിയാണ് എന്നതാണ്, മുഴുവന്‍ ഇന്ത്യയുടേതുമാണ്. സ്ഥാപനമെന്ന നിലയില്‍ നോക്കുമ്പോള്‍ അടിസ്ഥാന സൗകര്യം ആസ്ഥാനത്തിന് കൂടുതല്‍ സ്ഥലം തുടങ്ങിയവ വേണ്ടതുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാരിനെയാണ് സമീപിക്കുന്നത്. ഇവിടത്തെ മാത്രമല്ല, എവിടത്തെയും നാവികാസ്ഥാനത്തെ വിലയിരുത്തിയാല്‍ മനസിലാകും, അവിടങ്ങള്‍ വലിയ വരുമാനമുണ്ടാക്കുന്നുണ്ട്. അവിടെ സാങ്കേതിക സംവിധാനങ്ങള്‍ വരുന്നു. അവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രാദേശികമായി പണം ചെലവിടുന്നു. അവിടങ്ങളില്‍ പ്രാദേശികമായി തൊഴില്‍ ലഭ്യത ഉണ്ടാകുന്നു.
ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ കൊച്ചിന് ഷിപ് യാഡിലാണ് ഉണ്ടാക്കുന്നത്. എത്രയെത്ര പേര്‍ക്കാണ് തൊഴില്‍ കിട്ടുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍, താല്‍ക്കാലിക തൊഴില്‍, പുറത്തുനിന്നുള്ളവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നവര്‍ തുടങ്ങി വിവിധ തലത്തില്‍ പ്രാദേശികമായി നേട്ടമുണ്ട്. സാങ്കേതിക സ്ഥാപനങ്ങളും മറ്റും ഏറെ തൊഴില്‍ സാധ്യതയുണ്ടാക്കുന്നു. ഇത് സാമൂഹ്യ അച്ചടക്കവും സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇവിടത്തെ ശുചിത്വം മാതൃകയാണ്. ആസ്ഥാനം ഒരു പ്രത്യേക ക്ഷേമ-ഐശ്വര്യ ജീവിതത്തിന്റെ സന്ദേശം നല്‍കുന്നുണ്ട് പ്രദേശവാസികള്‍ക്ക്. ഞങ്ങളെ പ്രദേശവാസികള്‍ സ്വാഗതം ചെയ്യുന്നു, ഞങ്ങള്‍ അവര്‍ക്ക് മികച്ച പരിഗണന നല്കുന്നു.
മറ്റൊന്ന് നേവിയില്‍ ആളുകള്‍ ചേരുന്നതാണ്. ധാരാളം പേരെ നേവിക്ക് വേണം. സാങ്കേതിക യോഗ്യതയുള്ളവര്‍ക്കാണ് കൂടുതല്‍ അവസരം. ഞങ്ങള്‍ പരിശീലനവും നല്കുന്നു. തീരദേശത്തിന്റെ മുഴുവന്‍ സുരക്ഷക്കാര്യവും 2008 മുതല്‍ നേവിയാണ് നോക്കുന്നത്. അത് വലിയൊരു കാര്യമാണ്. അങ്ങനെ പ്രാദേശിക ഘടകങ്ങളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി നല്ല ഇടപഴകലുണ്ട്. സംസ്ഥാന സര്‍ക്കാര്‍, കസ്റ്റംസ്, മറൈന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, വിജിലന്‍സ് തുടങ്ങി പലതും. ഇവര്‍ക്കു പുറമേ മത്സ്യബന്ധന തൊഴിലാളികളെന്ന വലിയൊരു വിഭാഗവുമായും നിരന്തരമായി അടുത്ത സമ്പര്‍ക്കത്തിലാണ്. അവരോടൊക്കെ ചേര്‍ന്നുനിന്നുള്ള പ്രവര്‍ത്തനം മികച്ച സുരക്ഷയൊരുക്കാന്‍ വഴിയാകുന്നു. ഇവിടെ മാത്രമല്ല, ലക്ഷദ്വീപിലും മറ്റും സഹായകമാണത്.
നേവി സേവനത്തില്‍ പലതും റിക്കാര്‍ഡാണ്. നാല് യുദ്ധക്കപ്പലുകള്‍ നയിച്ചിട്ടുള്ളവര്‍ കുറവല്ലേ?
നാലല്ല അഞ്ച് കപ്പലുകള്‍ നയിച്ചിട്ടുണ്ട്. കപ്പല്‍ കമാന്‍ഡ് ചെയ്യുക എന്നത് അനുഭവമാണ്. ക്യാപ്റ്റനായിരിക്കുക എന്നാല്‍ കപ്പലിന്റെ എല്ലാമായിരിക്കുന്ന ഉത്തരവാദിത്വമാണ്. എന്റെ ആദ്യ കപ്പല്‍ ഒരു പെട്രോള്‍ ബോട്ടായിരുന്നു. 20 പേര്. അതു മുതല്‍ വിമാനം വഹിക്കുന്ന കപ്പല്‍ വരെ നയിച്ചു. ഏതു കപ്പലിലാണെങ്കിലും ഉത്തരവാദിത്വം ഒരുപോലെയാണ്. എന്തിന്, കപ്പലിനെന്തെങ്കിലും സംഭവിച്ചാല്‍, അവസാനം രക്ഷപ്പെടുന്നയാളായിരിക്കും ക്യാപ്റ്റന്‍. മറ്റുള്ളവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം.
യുദ്ധകാലത്തോ സമാധാനത്തിലോ വിശ്രമത്തിലോ കപ്പലിലുള്ള ഓരോരുത്തരുടെയും സുരക്ഷയും കാര്യങ്ങളും സംരക്ഷിക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് ക്യാപ്റ്റന്‍ അപ്പപ്പോള്‍ എടുക്കേണ്ടത്. അതിന് അറിവുണ്ടാകണം, കഴിവുണ്ടാകണം, ശാരീരിക ക്ഷമത, മാനികാരോഗ്യം, തീരുമാനത്തിലെ കൃത്യത തുടങ്ങി എല്ലാമുണ്ടാകണം. ഏതു സമയവും നിര്‍ണായമാണ്. രാത്രിയാത്ര ചെയ്യുന്ന കപ്പലാണെങ്കില്‍ അവിടെയുണ്ടാകണം. പുലര്‍ച്ചെ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടാകണം.
സമ്മാനങ്ങളുടെയും ബഹുമതികളുടെയും കാര്യത്തിലും റെക്കോഡാണല്ലോ?
അങ്ങനെയല്ല, മുമ്പും പലര്‍ക്കും ഇത്രയൊക്കെ ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. അതല്ല, ശരിയാണ് അവാര്‍ഡുകളും റിവാര്‍ഡുകളും നല്ലഅനുഭവമാണ്, നമ്മള് ചെയ്യുന്നത് ആരെങ്കിലും അംഗീകരിക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്നാല്‍, ഏറെപ്പേരുണ്ട് പ്രവര്‍ത്തിക്കുന്നവരായി. യുദ്ധ സ്മാരകങ്ങളില്‍ എഴുതിക്കാണാറുണ്ടല്ലോ, വാഴ്ത്തപ്പെടാത്തവരായവരെ കുറിച്ച്. അവര്‍ പ്രവര്ത്തിച്ചവായിരിക്കും. നിങ്ങള്‍ക്ക് അവാര്‍ഡു കിട്ടുമ്പോള്‍ ഉത്തരവാദിത്വം കൂടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: