ഡാലസ് : ഡാലസിൽ പ്രതിദിന കോവിഡ് 19 കേസുകൾ റെക്കോർഡ് നമ്പറിലെത്തിയതോടെ തുറന്ന് പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങൾ അടച്ചിടുന്നതായി ഡാലസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ഡെപ്യുട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിൻ ക്രിസ്ത്യൻ അറിയിച്ചു.
സ്കൂൾ സ്റ്റാഫിനും വിദ്യാർഥികൾക്കും കോവിഡ് 19 പകരുന്നുവെന്ന ആശങ്കയാണ് 586 വിദ്യാർഥികളുള്ള കെയ്ലറ്റ് എലിമെന്ററി (നോർത്ത് വെസ്റ്റ് ഡാലസ്) അടച്ചിടുന്നതിനും, ഓൺലൈൻ ക്ലാസ്സുകൾ മാത്രം തുടരുന്നതിനും തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളിൽ സ്കൂളിലെ അഞ്ചു പേർക്കാണ് കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയത്. നോർത്ത് ഈസ്റ്റ് ഡാലസിലെ മറ്റൊരു വിദ്യാലയമായ ഹോച്ച് കിസ്സ് എലിമെന്ററി സ്കൂളും താൽക്കാലികമായി അടച്ചു.
കോവിഡ് 19 കണ്ടെത്തിയ കുട്ടികളുമായി സമ്പർക്കം പുലർത്തിയ വിദ്യാർഥികളെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. നവംബർ 17 വരെ അടച്ചിടുന്ന കെയ്ലറ്റ് സ്കൂളിലെ വിദ്യാർഥികൾക്കും സ്റ്റാഫിനും റാപ്പിഡ് കോവിഡ് ടെസ്റ്റ് നവംബർ 16ന് നടത്തുമെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബർ 28 മുതൽ തുറന്നു പ്രവർത്തിച്ച ഡാലസ് ഐഎസ്ഡിയിൽ ഇതുവരെ 900 പേർക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. ടെക്സസ് ഡാലസ് കൗണ്ടിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇതെന്നു കരുതുന്നതായി ക്രിസ്ത്യൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: