കൊല്ലം: ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു.
ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റായ ആര്. ചന്ദ്രശേഖരനെ സ്ഥാനാര്ഥിനിര്ണയസമിതിയിലേക്ക് കെപിസിസി നിയോഗിച്ചിരുന്നു. എന്നാല്‍ സ്വന്തം ജില്ലയായ കൊല്ലത്തുപോലും സ്ഥാനാര്‍ഥികളെ അദ്ദേഹം അറിയാതെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നോക്കുകുത്തിയാക്കി അപമാനിക്കുന്ന ജില്ലാനേതൃത്വത്തിനെതിരെ കെപിസിസി പ്രസിഡന്റിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്ത തീരുമാനം.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സമിതികളില്‍ കെപിസിസി യൂത്ത് കോണ്‍ഗ്രസിനും മഹിളാകോണ്‍ഗ്രസിനും പ്രാതിനിധ്യം നല്കിയപ്പോള് വോട്ടുബാങ്കായ തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഐഎന്‍ടിയുസിയെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോപിച്ച് ചന്ദ്രശേഖരനെ പിന്തുണയ്ക്കുന്ന ഐഎന്‍ടിയുസി നേതാക്കള്‍ രംഗത്തെത്തി. ഇവര്‍ കഴിഞ്ഞദിവസം കൊല്ലത്ത് പരസ്യമായി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ കൃഷ്ണവേണി ശര്‍മ, എച്ച്. അബ്ദുല്‍ റഹ്മാന്, എസ്. നാസറുദീന്‍, അയത്തില്‍ തങ്കപ്പന്, കാഞ്ഞിരവിള അജയകുമാര്‍, കോതേത്ത് ഭാസുരന്‍, വി.ഡി. സുദര്ശനന്, ടി.ആര്. ഗോപകുമാര്‍, മുഖത്തല സുഗതന് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹരായ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിഗണന ലഭിക്കാതെ വന്നാല്‍ അവിടങ്ങളിലെല്ലാം സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.
ജില്ലയിലെ രാഷ്ട്രീയത്തില്‍ നിര്‍ണായകപങ്കുള്ള തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗ്രൂപ്പ് നേതാക്കളുടെ നോമിനികളെ സ്ഥാനാര്‍ഥികളാക്കുകയാണ് ജില്ലാനേതൃത്വമെന്നും തത്ഫലമായി പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരാജയത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
കാലാകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയം മറന്ന് സ്വാര്ഥതാല്പര്യങ്ങള്ക്കായി നിലപാട് എടുക്കുന്നവരെ നിയന്ത്രിക്കാന്‍ കെപിസിസി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍. അഴകേശന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: