പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ നവീകരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ഏറ്റെടുത്ത ഭൂമി ഇപ്പോഴും മുന്‍ ഉടമസ്ഥരുടെ കയ്യിലെന്ന് ആരോപണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നതായും ആരോപണം ഉയരുന്നു. എരിപുരം ജംഗ്ഷന് മുതല്‍ മണ്ടൂര്‍ വരെയുള്ള പാതയില്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റടുത്തതായാണ് വിവരവകാശ പ്രകാരം പിഡബ്ല്യൂഡി കെഎസ്ടിപി എക്സിക്യട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പതിനായിരം മുതല്‍ ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ ഇരുപത്തിയൊന്നോളം ആളുകള്‍ക്ക് പണമായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
എരിപുരം ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയില്‍ നിന്ന് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ നാലര സെന്റ് ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി വ്യാപര സമുച്ഛയം പണി കഴിപ്പിച്ചത് എന്ന പൊതുതാല്പര്യ ഹരജി തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കേയാണ് കോടതിക്ക് പോലും പുല്ലുവില കല്‍പ്പിച്ച് വ്യാപാര കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാതെ മുന്‍ ഉടമസ്ഥന് വേലി കെട്ടി സ്വന്തമാക്കിയ നിലയിലായതിനാല്‍ റോഡിന് അരികിലായുള്ള ഭൂമിയില്‍ ഓവ്ചാല്‍ നിര്‍മ്മിക്കാന്‍ പോലും പറ്റാത്ത നിലയിലുമാണ്. ഇവിടെ ഓവ്ചാല്‍ നിര്‍മ്മിച്ചില്ല എന്ന് മാത്രമല്ല നടന്ന് പോകുവാന്‍ പോലും ഇടമില്ല. മാര്‍ക്കറ്റ് വിലയേക്കാള്‍ പത്തിരട്ടിയോളം വിലയ്ക്ക് ഭൂമി വാങ്ങിയത് എന്തിനാണെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്. വന്‍തുകയ്ക്ക് വാങ്ങിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പൊന്നും വിലയ്ക്ക് ഭൂമി വാങ്ങിയെങ്കിലും മിക്ക ഭൂമികളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ച് ബാക്കി വന്ന ഭൂമിയും ഉപയോഗിക്കാതെയുള്ള ഭൂമിയും വിറ്റവര്‍ തന്നെ വേലി കെട്ടി ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എരിപുരം കവലയിലെ രണ്ട് വ്യാപാര സമുച്ഛയങ്ങളും സിപിഎം പോഷക സംഘടനയുടെ ഒരു പാര്‍ട്ടി കെട്ടിടവുമാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി നിര്‍മിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങ് സൗകര്യങ്ങളോ അഗ്നിരക്ഷാ സംവിധാനങ്ങള്‍ പോലും ഈ വ്യാപാര സമുച്ഛയങ്ങളില്‍ ഇല്ല. ഇത്തരം നിര്‍മ്മാണ രീതിക്ക് രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പഞ്ചായത്ത് അധികതര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: