ദുബായ്: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിലെ മാജിക്കല്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ഐപിഎല്ലില്‍ പുത്തന്‍ ചരിത്രം കുറിച്ചു. 4 വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി. ഈ സീസണില്‍ 14 മത്സരങ്ങളില്‍ ബുംറ 27 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ 2018 സീസണില്‍ സണ്‍റൈസേഴ്സ് ദൈഹദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍കുമാര്‍ കുറിച്ച 26 വിക്കറ്റുകള്‍ എന്ന റെക്കോഡ് വഴിമാറി.
ദല്‍ഹിക്കെതിരെ നാല് ഓവറില്‍ പതിനാല് റണ്‍സ് വഴങ്ങിയാണ് ബുംറ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരു ഓവര്‍ മെയ്ഡനായിരുന്നു. ടി20യില്‍ ബുംറയുടെ കരിയിറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ മാന്ത്രിക പ്രകടനത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ കടന്നു. കളിയിലെ കേമനുള്ള പുരസ്കാരം ബുംറ സ്വന്തമാക്കി.
201 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ദല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 200 റണ്‍സാണ് എടുത്തത്.
ശിഖര്‍ ധവാന് (0), ശ്രേയസ് അയ്യര്‍ (12), മാര്‍കസ് സ്റ്റോയ്നിസ് (65), ഡാനിയല്‍ സാംസ് (0) എന്നിവരാണ് ബുംറയുടെ പന്തുകളില്‍ പുറത്തായത്. നാലു വിക്കറ്റുകള്‍ പിഴുതതോടെ ബുംറ ദല്‍ഹിയുടെ കഗിസോ റബഡയെ (23 വിക്കറ്റ്) മറികടന്ന് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. കഗിസോ റബഡയ്ക്ക് ഈ മത്സരത്തില്‍ വിക്കറ്റ് നേടാനയില്ല.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ബുംറ നാലു വിക്കറ്റ് വീഴ്ത്തുന്നത്. നേരത്തെ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിലും നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഒറ്റ വിജയം കൂടി നേടിയാല്‍ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാകും. നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക ടീമാണ് മുംബൈ ഇന്ത്യന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: