കൊല്ലം: കൊറോണക്കാലത്ത് എട്ടുമാസമായി മുടങ്ങാതിരുന്ന ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇക്കുറി മുടങ്ങി. പതിവുരീതിയില്‍ ശമ്പളം നല്കാന് നിര്‍വാഹമില്ലെന്ന അറിയിപ്പോടെ വിശദീകരണ കത്ത് സിഎംഡി ഇറക്കിയതും ആദ്യമായി.
സംസ്ഥാനത്ത് 97 ഡിപ്പോകളിലായി പണിയെടുക്കുന്ന 28,000 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. കൊവിഡ് പ്രതിസന്ധിയില്‍ കുടുംബത്തിലുള്ള മറ്റ് അംഗങ്ങള്‍ പലരും വരുമാനമില്ലാതെ ഉഴലുന്ന സമയത്ത് കൃത്യമായി ലഭിച്ചുവന്ന ശമ്പളം മുടങ്ങിയതോടെ ജീവനക്കാരിലേറെയും കടുത്ത മാനസിക പിരിമുറുക്കത്തിലും ബുദ്ധിമുട്ടിലുമാണ്.
കൊവിഡിന്റെ സാഹചര്യത്തില്‍ നാലിലൊന്നായി സര്‍വീസ് ചുരുങ്ങിയെങ്കിലും എല്ലാ ജീവനക്കാരും ഊഴം വച്ച് ജോലിക്കെത്തുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശമ്പളം മുടങ്ങല്‍ പതിവായിരുന്നു. ഇത് വലിയ വിവാദവും സൃഷ്ടിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ വന്നശേഷം ശമ്പളം കൃത്യമായി നല്കാന് പരിശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടോമിന് തച്ചങ്കരിയെ നിയമിച്ചതും പിന്നീട് യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തില്‍ മാറ്റിയതും കെഎസ്ആര്‍ടിസിയെ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കി.
നിലവിലെ സിഎംഡി ഒരാഴ്ചത്തെ അവധി പരോക്ഷമായി ചോദിക്കുന്ന വിധത്തിലാണ് ജീവനക്കാര്‍ക്ക് കത്തയച്ചിരിക്കുന്നത്. യൂണിറ്റ്, മേഖല, വര്‍ക്ഷോപ്പ് അധികാരികള്‍ വഴി എല്ലാജീവനക്കാരെയും വിവരം ബോധ്യപ്പെടുത്തണമെന്ന നിര്‍ദേശത്തോടെയാണ് ഒക്ടോബര്‍ 30-ാം തീയതി രേഖപ്പെടുത്തി കത്ത് കൈമാറിയിട്ടുള്ളത്.
ഇതിന്‍പ്രകാരം 2020-21 സാമ്പത്തികവര്‍ഷത്തില്‍ പ്ലാന്‍ഫണ്ട് ഇനത്തില്‍ 1000 കോടി രൂപയായിരുന്നു സര്‍ക്കാര്‍ വകയിരുത്തിയതെന്നും എന്നാല്‍ നാളിതുവരെ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 976.78 കോടി രൂപയും ചെലവായെന്നും പറയുന്നു. ശേഷിക്കുന്ന 23.22 കോടി രൂപ കൊണ്ട് ഒക്ടോബര്‍ മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കാനാവില്ല. അധികമായി 834 കോടി രൂപ അഡീഷണല്‍ ഓതറൈസേഷന്‍ മുഖേന ഈ സാമ്പത്തികവര്‍ഷത്തേക്ക് അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുവദിച്ച് ലഭ്യമാകുന്നതിന് നടപടി പൂര്‍ത്തികരിക്കേണ്ടതിനാല്‍ ഒക്ടോബര്‍ മാസത്തെ ശമ്പളം നവംബര്‍ ഏഴുമുതല്‍ മാത്രമേ വിതരണം ചെയ്യാനാകൂവെന്നാണ് സിഎംഡിയുടെ വിശദീകരണം.
പെന്‍ഷന്‍കാരെയും വെട്ടിലാക്കി
പെന്‍ഷന്‍കാര്‍ക്കും പ്രതിമാസ പെന്ഷന് ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്ത് 30,000 പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിക്കുള്ളത്. യുഡിഎഫ് ഭരിച്ച കാലത്ത് പതിവായി മുടങ്ങിയ പെന്ഷന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്പ്രചാരണായുധമാക്കിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.
വാര്ധക്യവിഭാഗമായ പെന്‍ഷന്‍കാരും അവരുടെ കുടുംബങ്ങളും ഈ പ്രചാരണത്തില്‍ വ്യാപകമായി വീഴുകയും വന്‍തോതില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാലിവര്‍ ഇപ്പോള്‍ നിരാശരാണ്. പെന്ഷന് മുടങ്ങിയതിനൊപ്പം മാര്‍ച്ച് മുതലുള്ള ചികിത്സാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: