ടി.പി. രാജീവന്
വികസന സമീപനത്തില്‍ നമ്മളും ഏതാണ്ടെല്ലാ രാജ്യങ്ങളും പിന്തുടര്ന്നത് പടിഞ്ഞാറന്‍ വികസന മാര്‍ഗ്ഗമാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് വികസന ആശയത്തിലധിഷ്ഠിതമായ നെഹ്റുവിയന്‍ വികസന സമീപനമാണ് സ്വാതന്ത്ര്യത്തിനു ശേഷം നാം പിന്തുടര്ന്നത്. പ്രകൃതിയെ മാറ്റിത്തീര്‍ക്കുകയെന്നതാണ് മാര്‍ക്സിയന്‍ കാഴ്ചപ്പാട്. പ്രകൃതിയുടെ വരദാനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ മനുഷ്യന് മാറ്റിത്തീര്‍ക്കണമെന്നാണ് മാര്‍ക്സിയന്‍ ആശയം. ഒറ്റ നോട്ടത്തില്‍ അത് ജനോപകാരപ്രദമാണെന്ന പ്രതീതിയുണര്‍ത്തും. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ അതങ്ങിനെയല്ലെന്ന് തിരിച്ചറിയാന്‍ കഴിയും. കാരണം ചൂഷണമാണ് അതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. പ്രകൃതിയെ ചൂഷണം ചെയ്യുകയെന്നതിലാണ് കമ്മ്യൂണിസ്റ്റ് ആശയാടിത്തറ നിലപാടുറപ്പിക്കുന്നത്. എന്നാല്‍ ഭാരതീയ, പൗരസ്ത്യ ദര്‍ശനത്തില്‍ ചൂഷണം എന്ന വാക്കില്ല.
കൊളോണിയല്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലാണ് ഊന്നുന്നത്. വര്‍ഗ്ഗപരമായ ചൂഷണം അവസാനിപ്പിക്കുന്നിടത്ത് പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന പുതിയ ചൂഷണം തുടങ്ങുന്നു. പ്രകൃതിയുടെ നിക്ഷേപങ്ങള്‍ അവധാനതയോടെയല്ല ഇവിടെ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ പ്രകൃതിയെ തൊടാന്പാടില്ലെന്ന വികസന വിരുദ്ധസമീപനത്തെയുമല്ല ഞാന്‍ പിന്തുണക്കുന്നത്. പ്രകൃതിയെ തിരിച്ചറിഞ്ഞ് അതിനെ നിലനിര്‍ത്തുന്നതായിരിക്കണം വികസനസമീപനം. പ്രകൃതിയോടുള്ള ഓരോ ഇടപെടലിലും പ്രകൃതിയോടുള്ള കരുതലില്‍ ഊന്നിയതാണ് ഭാരതീയ വികസന സമീപനം. കേരളത്തിലെ കാവുകളും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്. നമുക്ക് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിത്തെളിക്കുമ്പോള്‍ അതിന് തത്തുല്യമായി മരങ്ങള്‍ നട്ട് സംരക്ഷിക്കണമെന്ന തിരിച്ചറിവാണ് കാവായി പരിണമിച്ചത്.
ജീവജാലങ്ങളെ – പാമ്പിനെയും മത്സ്യത്തിനെയും ആനയെയും എന്തിന് ക്ഷുദ്രജീവിയെന്ന് കരുതുന്ന എലിയെപ്പോലും ആരാധിക്കുന്ന സമ്പ്രദായം ഇതിന്റെ ഭാഗമാണ്. എന്തിന്റെയും സമ്പൂര്‍ണ്ണ വിനാശം പ്രകൃതിക്ക് അപകടകമാണെന്ന അറിവും എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നില്‍. എലിയും പഴുതാരയും ദൈവങ്ങളുടെ വാഹനമാകുന്നത് ഒരു മിത്ത് എന്നതിലുപരി, എത്രയോ നൂറ്റാണ്ടുകളായിവളര്ന്നു വന്ന സഹജീവി സ്നേഹം എന്ന ആശയ അടിത്തറയാണത്. മനുഷ്യകേന്ദ്രിത വികസനസങ്കല്പമല്ല മറിച്ച് പ്രകൃതി കേന്ദ്രിതമാണത്. മറ്റു ജീവജാലങ്ങള്ക്കൊപ്പമുള്ള സ്ഥാനം മാത്രമാണ് പ്രകൃതിയില്‍ മനുഷ്യനുള്ളതെന്ന് അത് അടിവരയിടുന്നു. ഭാരതീയമായ പ്രകൃതി ബോധത്തില്‍ നിന്നാണ് ഭാരതീയ വികസന സമീപനം ഉരുത്തിരിയുന്നത്.
ഫ്യൂഡലിസം ചൂഷണാത്മകമായ ഒരു വ്യവസ്ഥിതിയാണ്. അതേ സമയം ഇന്ത്യന്‍ ഫ്യൂഡലിസത്തെ പടിഞ്ഞാറന്‍ ഫ്യൂഡലിസവുമായി താരതമ്യപ്പെടുത്താനാവില്ല. പടിഞ്ഞാറന്‍ സങ്കല്പത്തില് ഉടമയും അടിമയും മാത്രമേ ഉള്ളൂ. എന്നാല്‍ ഭാരതത്തില്‍ നിരവധി തലങ്ങള്‍ ആണുള്ളത്. ഓരോ വിഭാഗത്തിനും അതിന്റെതായ അധികാരങ്ങളുണ്ട്. അത് അവരുടെ രാഷ്ട്രീയ അവകാശം കൂടിയാണ്. ഏറ്റവും താഴെ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളിക്കും നെല്ല് അവന്റെ അവകാശമാണ്. ഓരോ കുലത്തൊഴിലിനും അതിന്റേതായ മാന്യതയുണ്ടായിരുന്നു. ഇത് ഏതെങ്കിലും ആധുനികരാഷ്ട്രീയ ചിന്തയുടെ ഫലമായുണ്ടായതല്ല യുഗങ്ങളായി രൂപം പ്രാപിച്ച ഒരു ജീവിത സമീപനമാണിത്. എല്ലാറ്റിനും അതിന്റേതായ ഇടം നല്കുന്ന പാരസ്പരികതയിലധിഷ്ഠിതമായ സമഗ്രദര്‍ശനമാണ്. അതില്‍ നിന്നുരുത്തിരിഞ്ഞ വികസന ബോധമാണ് നമുക്കുണ്ടായിരുന്നത്.
നമ്മുടെ സാഹിത്യത്തിലും കാവ്യങ്ങളിലും അതുണ്ടായിരുന്നു. കാളിദാസകാവ്യങ്ങളില്‍ മാന്‍പേടയും മുല്ലവള്ളിയും മനുഷ്യനപ്പോലെ കഥാപാത്രങ്ങളായി. കുന്നും പുഴയും ഇഴജീവികളും തികഞ്ഞ വ്യക്തിത്വത്തോടെ ഇതിഹാസ കാവ്യങ്ങളിലിടം പിടിച്ചു .വളരെ സമജ്ഞസമായ സമൂഹ്യബോധവും പ്രകൃതി ബോധവുമുള്ള വികസന സങ്കല്പമാണ് നമുക്ക് വേണ്ടത്. അതിന് പകരമാണ് പ്രത്യയശാസ്ത്രപരമായ ഇടപെടലിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന, മാറ്റിത്തീര്‍ക്കുകയെന്ന ആശയം നാം കൈക്കൊണ്ടത്. ആധുനിക പടിഞ്ഞാറന്‍ വികസന കാഴ്ചപ്പാട്, അത് മുതലാളിത്തമായാലും കമ്മ്യൂണിസമായാലും രണ്ടും ഹിംസയിലധിഷ്ഠിതമാണ്. പ്രകൃതിയെ നശിപ്പിക്കുകയെന്നതല്ല മറിച്ച് അതിനെ മനസിലാക്കി ഇടപെടുകയെന്ന ഭാരതീയ വികസനകാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. അതില്ലാത്തതിന്റെ ദുരിതങ്ങളാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഗാന്ധിജിയാണ് ഇന്ത്യന്‍ വികസനസങ്കല്പത്തിന്റെ ആത്മാവ് കണ്ടെത്തിയ മഹാത്മാവ്. ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമസ്വരാജിലൂടെ നവോത്ഥാനവും കൈവരിക്കാമെന്നുമുള്ള കാഴ്ചപ്പാടായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച വികസനമാതൃക. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അഭികാമ്യമായ വികസന രീതിയാണത്. ജനസാന്ദ്രതയേറിയ പ്രദേശം, ഭൂപ്രദേശം കുറവ്, വിഭവങ്ങളുടെ പരിമിതി എന്നിവയെല്ലാം കണക്കിലെടുത്താല്‍ പ്രത്യേകിച്ചും.
അവകാശവാദങ്ങള്‍ അപഹാസ്യം
കേരളത്തിനുണ്ടായെന്ന് പറയപ്പെടുന്ന ചില മേഖലകളിലെ വികസനം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ, ഇടതുപക്ഷത്തിന്റെ സംഭാവനയാണെന്ന വാദത്തോട് യോജിക്കാനാവില്ല. തിരുവിതാംകൂറിലുണ്ടായ വികസനം, മാറ്റങ്ങള്‍ രാജഭരണകാലത്ത് തന്നെ ഉണ്ടായതാണ്. മനോരോഗത്തിന് പോലും അവിടെ ആശുപത്രി ഉണ്ടായിരുന്നു. ഭാരതത്തിലെ മറ്റൊരു സംസ്ഥാനവുമായും ഒറിസയോ, നാഗാലാന്റോ എന്തിന് യുപിയുമായി പോലും കേരളത്തെ താരതമ്യപ്പെടുത്താനാവില്ല. ഇവിടെ ഏറെ മുമ്പേതന്നെ ക്രിസ്ത്യന്മിഷണറി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജാതിയിലധിഷ്ഠിതമായ ഹിന്ദുസാമൂഹ്യഘടനയെ അവര്‍ ഒരുപരിധിവരെ മാറ്റിത്തീര്‍ത്തു. അവര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഇത് വലിയ മാറ്റത്തിന് കാരണമായി. ജനങ്ങള്‍ ഒന്നിച്ചുവരാനുള്ള സ്ഥാപനങ്ങളാണല്ലോ വിദ്യാലയങ്ങള്‍. ജാതിയുടെയും അയിത്തത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ വിദ്യാലയങ്ങള്‍ സമൂഹത്തിന് ഒന്നിച്ച് ചേരാനുള്ള ഇടമായി.
ഉത്തരേന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ജാതി അടിസ്ഥാനത്തിലാണ്. കേരളത്തില്‍ ജാതീയതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകാന്‍ മിഷണറി പ്രവര്‍ത്തനവും കാരണമായി. ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനവും ജാതിയില്ലാതാക്കുന്നതില് വളരെയധികം പങ്ക് വഹിച്ചു. കേരളത്തില്‍ ഇത്തരത്തില്‍ ഉണ്ടായ മാറ്റത്തിന്റെ പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന അവകാശവാദത്തോട് യോജിക്കാനാവില്ല. കേരളത്തിലുണ്ടായ നവോത്ഥാനമുന്നേറ്റത്തെ നിശ്ചലമാക്കുകയായിരുന്നു ഇടതുരാഷ്ട്രീയ പാര്‍ട്ടികളും സിപിഎമ്മും. നവോത്ഥാനത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെയും വികാസ പരിണാമങ്ങളേയും അത് ഇല്ലാതാക്കി. കേരളത്തിലുരുത്തിരിഞ്ഞ അന്തരീക്ഷത്തെ ബാലറ്റ് രാഷ്ട്രീയത്തിന് അനുകൂലമാക്കി മാറ്റുകയാണ് സിപിഎം ചെയ്തത്. നവോത്ഥാനത്തിന്റെ സജീവത ഇല്ലാതായി. എത്ര നീണ്ടവര്‍ഷത്തെ ചരിത്രമുണ്ട് കേരളമെന്ന സംസ്ഥാനത്തിന്. 1957ല്‍ രൂപപ്പെട്ടതല്ല കേരളം. ഇഎംഎസ്സ് മന്ത്രിസഭയല്ല കേരളത്തെ സൃഷ്ടിച്ചത്.
അതിന് മുമ്പുതന്നെ ഈ സമൂഹവും ജനതയുമൊക്കെ ഇവിടെയുണ്ട്. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന് ഏറെ സവിശേഷതകളുണ്ട്. ഓരോഗ്രാമത്തിലും വൈദ്യനും തട്ടാനും, ആശാരിയും, ജ്യോത്സനുമൊക്കെയുണ്ടാവും. ജനജീവിതത്തിന്റെ സമസ്ത ആവശ്യങ്ങളെയും നിര്‍വ്വഹിക്കുന്ന ഘടകങ്ങള്‍ ഓരോ പ്രദേശത്തുമുണ്ടാകും. ക്ഷേത്രവും കാവും എഴുത്തച്ഛനും പള്ളിക്കൂടവും അവിടെയുണ്ടാകും. ജാതീയതക്കീതമായ സാമൂഹ്യഘടനയായിരുന്നു അത്. വൈദ്യവൃത്തിയില്‍ നമ്പൂതിരിയും ഈഴവനും മലയനും പുലയനും ആദിവാസിയും ഉണ്ടായിരുന്നു.
കേരളത്തിന്റെ ആരോഗ്യബോധം 57 ലെ ഇഎംഎസ് മന്ത്രിസഭയോടുകൂടി ഉണ്ടായതല്ല. കേരളത്തിന്റെ പ്രകൃതി ഔഷധസമ്പന്നമാണ്. ആയുര്‍വേദത്തിന്റെ ആരോഗ്യ ശാസ്ത്രമേഖല വളരാന്‍ ഇത് കാരണമായി. കേരളം പലതിന്റെയും സംഗമകേന്ദ്രമാണ്. വിശാലമായ കടലോരം, കാലാവസ്ഥ മിതത്വം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. ഇതൊക്കെ കൂടിച്ചേര്‍ന്നതാണ് കേരളത്തിനുണ്ടായ നേട്ടം. അത് ഏതെങ്കിലും ഒരുവിഭാഗത്തിന് അവകാശപ്പെട്ടതല്ല.
പിന്നാക്ക വിഭാഗം അവഗണിക്കപ്പെട്ടു
കേരള മോഡല്‍ വികസനം എന്ന് അവകാശപ്പെടുമ്പോഴും പിന്നാക്ക വിഭാഗത്തിന് അതിന്റെ ഗുണം ലഭിച്ചില്ല ഏതൊരുസമൂഹത്തിനും അധികാരത്തിന്റെ പങ്ക് അവകാശമായി ലഭിക്കുമ്പോഴാണ് ശാക്തീകരിക്കാന്‍ കഴിയുക. അധികാരവും സമ്പത്തും ആര് കയ്യാളുന്നുവെന്നതാണ് പ്രശ്നം. ആദിവാസി വിഭാഗങ്ങളും ദളിതുകളും കേരളത്തില്‍ ഒരിക്കലും അധികാരത്തിന്റെ ഭാഗമായില്ല. അതിനവര്‍ക്ക് കഴിഞ്ഞില്ല. നേരത്തെ ആദിവാസി ഊരുകള്ക്കുണ്ടായിരുന്ന സ്വയംഭരണം നഷ്ടപ്പെട്ടു. അവര്‍ എങ്ങിനെവികസിക്കണമെന്ന് നഗരത്തിലിരുന്നുകൊണ്ട് ചിലര്‍ തീരുമാനിക്കാന്‍ തുടങ്ങി. അവരുടെ ആവശ്യങ്ങളല്ല അവര്‍ക്ക് അനുവദിച്ചത്. അവരെ അതേപടി നിലനിര്‍ത്തണമെന്നല്ല.സ്വാതന്ത്ര്യാനന്തരം പൊതുധാരയുമായി അവരുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു.
പുറം ലോകത്തിന്റെ അധികാരഘടനയുമായി അവര്‍ക്ക് ബന്ധമുണ്ടായില്ല. സാമ്പത്തികമായും രാഷ്ട്രീയമായും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ക്ക് പങ്കാളിത്തമുണ്ടായില്ല. ഉത്തരഭാരതത്തില്‍ ഉണ്ടായത് പോലെ പട്ടികവര്‍ഗമേഖലകളില്‍ സ്വയംഭരണ പ്രദേശങ്ങള്‍ ഉണ്ടാവണം. അവരുടെ വികസനം അവര്‍ തീരുമാനിക്കട്ടെ .അമേരിക്കയടക്കം ഈ മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്.. നേരത്തെ സൂചിപ്പിച്ചത് പോലെ പടിഞ്ഞാറന്‍ മാനദണ്ഡമുപയോഗിച്ചാണ് നാം വികസനത്തെ അളക്കുന്നത്. ലോകത്തിന് മാതൃകയാകേണ്ട വികസനത്തിന്റെ ഭാരതീയ മാതൃക ഇവിടെ നാം വളര് ത്തിയെടുത്തില്ല. ഭാരതീയ മാതൃകയില്‍ ദളിതരും ഗ്രോത്രവിഭാഗവും ഒന്നും അന്യരല്ല.
പരിസ്ഥിതി രാഷ്ട്രീയം
പരിസ്ഥിതി രാഷ്ട്രീയത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.പ്രകൃതി നിരവധി സൂചനകള്‍ നല്‍കിക്കഴിഞ്ഞു.രാഷ്ട്രീയക്കാര്‍ക്ക് അത് മനസിലാകില്ല. അഴിമതിയുടെ ഖനന മേഖലയായാണ് പ്രകൃതിയെ അവര്‍ കാണുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിയണം. ഞാന്‍ താമസിക്കുന്ന കോട്ടൂരില്‍ ജലസ്രോതസ് നശിപ്പിക്കുന്ന ചെങ്ങോട്ടുമല ഖനനത്തിനെതിരെ ജനങ്ങള്‍ സമരത്തിലാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും വികസനമെന്നാല്‍ പ്രകൃതി നശിപ്പിക്കലാണ്. വയല്‍ നികത്തലും വിമാനത്താവളമുണ്ടാക്കലുമാണ് വികസനം എന്നാണ് ഇവരുടെ ചിന്ത. ഇവര്‍ മാതൃകയാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ മാറ്റം പോലും ഇവിടെ തിരിച്ചറിയപ്പെടുന്നില്ല.
മിസിസിപ്പി യുടെ തീരത്ത് ആദിമ ഗോത്ര ജനത നിവസിക്കുന്ന കാട്ടില്‍ ചെരിപ്പിട്ട് നടക്കാന്‍ അനുവാദമില്ല. ഗോത്ര ജനതയുടെ പിതൃക്കളുടെ ശ്മശാനഭൂമി വിശുദ്ധ വനമായി പരിഗണക്കപ്പെടുന്നു. ഇറ്റലിയിലെ ബലാഷിയോ പോലെ പാരിസ്ഥിതികമായ സവിശേഷതകളുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ പണിയണമെങ്കില്‍ പരമ്പരാഗത ശൈലി മാത്രമേ അനുവദിക്കു. ഇവിടെ എല്ലാം തകര്‍ക്കണമെന്നാണ്; പാര്‍ലമെന്റായാലും വനമായാലും. പ്രകൃതിയെ ചൂഷണം ചെയ്യാതെ വികസനം സാധ്യമാക്കാം. തൊഴിലാളിയെ മാത്രമല്ല പ്രകൃതിയേയും ചൂഷണം ചെയ്യരുത്.
രാഷ്ട്രീയ കേരളം
ഒരു കാലത്ത് ജാതി എങ്ങിനെയാണോ മനുഷ്യനെ ഭിന്നിപ്പിക്കുകയും അകറ്റി നിര്‍ത്തുകയും മനുഷ്യത്വ വിരുദ്ധരാക്കുകയും ചെയ്തത് അതേ പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യനെ തമ്മിലടിപ്പിക്കുകയാണ്. തത്വദീക്ഷ ഒന്നുമില്ലാതെ അഴിമതിക്കുള്ള മറയായി വികസനത്തെ മുന്നണികള്‍ ഉപയോഗിക്കുന്നു. വികസന വിരുദ്ധരാണ് രാഷ്ട്രീയ പാര്‍ടികള്‍. പദ്ധതികളുടെ മാനദണ്ഡം അത് ജനോപകാരപ്രദമാണോ എന്നല്ല അഴിമതിക്കുള്ള സാഹചര്യമുണ്ടോയെന്ന് നോക്കിയാണ്.
പുതുതായി ആരംഭിച്ച ഓപ്പണ്‍ സര്‍വ്വകലാശാല എന്ന വികസനത്തിന്റെ ഓപ്ഷന് ഈ സര്‍ക്കാര്‍ എത്ര മാത്രം രാഷ്ട്രീയമായാണ് ഉപയോഗിച്ചത് എന്ന് നോക്കുക. ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള സര്‍വ്വകലാശാല ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ലോകത്ത് പരിചയപ്പെടുത്തി കൊടുക്കുന്നതിനായിരിക്കണം. ശ്രീശങ്കരന് ശേഷമുള്ള ദാര്ശനികനാണദ്ദേഹം. വലിയ സാധ്യതകളെ മോശമായി വിഭാവനം ചെയ്ത് നശിപ്പിക്കുന്നു. സാങ്കേതിക സര്‍വകലാശാല പോലെ കൃത്രിമമായി ഉണ്ടാക്കേണ്ടതല്ല ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള സര്‍വ്വകലാശാല. ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള ഉപാധി മാത്രമാണ് സര്‍ക്കാരിനിത്. സങ്കുചിത നിക്ഷിപ്ത രാഷ്ടീയത്തില്‍ നിന്ന് മുക്തമായ വികസന കേരളമുണ്ടാവണം. നിലവിലുള്ള രാഷ്ടീയം ജന വിരുദ്ധമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. തീരുമാനം രാഷ്ടീയ നേതാക്കള്‍ക്ക് വിട്ടുകൊടുക്കാതെ ജനതയുടെ ഇടപെടലുണ്ടാവണം. വ്യക്തി ശാക്തീകരണമാണവശ്യം. ഈ ബോധ്യത്തിലേക്ക് ജനതയുണരണം.
(സംഭാഷണത്തില്‍ നിന്ന് തയാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: