പാലക്കാട്: നാല് ജില്ലകളുടെ ചുമതലയുള്ള എറണാകുളത്തെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക കെഎസ്ഇബി റദ്ദാക്കി. കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററില്‍ കെഎസ്ഇബി പുതുതായി സൃഷ്ടിച്ച മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികക്ക് വേണ്ടിയാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു തസ്തിക നിര്‍ത്തലാക്കിയത്. ഇതിന് പിന്നില്‍ ചില ഭരണകക്ഷി അസോസിയേഷനുകളുടെ ഇടപെടലുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈദ്യുതമോഷണത്തിന് വകുപ്പ് തന്നെ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രസ്തുത തസ്തിക ഒഴിവാക്കുന്നത് മൂലം കോടിക്കണക്കിന് രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമാവുക. ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിനെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് സോണുകളാക്കി തിരിച്ച് ചീഫ് വിജിലന്‍സ് ഓഫീസറുടെയും, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെയും മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ച് പ്രവര്ത്തിക്കുന്നതിനെടെയാണ് ഇത്തരമൊരു നീക്കം. കേന്ദ്രസര്‍ക്കാര്‍, ഊര്‍ജ സെക്രട്ടറി എന്നിവരുടെ ഓഫീസില്‍ നിന്ന് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുരോഗതി റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും ബോര്‍ഡ് തലത്തില്‍ ഊര്‍ജ മന്ത്രാലയത്തിലേക്ക് അയക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ ഗൂഢനീക്കം.
ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 2500 ഹൈടെന്‍ഷന്‍ ഉപഭോക്താക്കളും, 39 ലക്ഷത്തോളം ലോ ടെന്‍ഷന്‍ ഉപഭോക്താക്കളും കൂടാതെ മുപ്പതോളം എക്സട്രാ ടെന്‍ഷന്‍ ഉപഭോക്താക്കളും അടങ്ങിയതാണ് സെന്‍ട്രല്‍ സോണിലെ എക്സി. എഞ്ചിനീയറുടെ പരിധിയില്‍ വരുന്നത്. വൈദ്യുതി മോഷണം, ക്രമക്കേടുകള്‍ തുടങ്ങിയവ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് ഈ വിഭാഗമാണ്.
2017-2018 കാലയളവില്‍ 914 കേസുകളിലായി 8.9 കോടി രൂപയാണ് പിഴയീടാക്കിയത്. 2018-2019 വര്‍ഷം 667 കേസുകളിലായി 8.28 കോടി പിഴയിനത്തില്‍ ലഭിച്ചു. 2019-20ല്‍ 665 കേസുകളില്‍ നിന്നായി ഇതുവരെ 6.3 കോടി രൂപയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കെഎസ്ഇബിക്ക് നഷ്ടമായേക്കാവുന്ന തുകയാണ് സ്ക്വാഡുകള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.
എറണാകുളത്തെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിലെ തസ്തിക ഇല്ലാതാകുന്നതോടെ കഞ്ചിക്കോട്, കളമശ്ശേരി,പെരുമ്പാവൂര്‍ വ്യവസായ മേഖലകള്‍ എന്നിവയുള്ള നാല് ജില്ലകളിലെ സ്ക്വാഡിന്റെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി തന്നെ ബാധിക്കും.
മാത്രമല്ല സൗര പദ്ധതിയുടെ ഭാഗമായി സൗരോര്‍ജ്ജ ഉത്പ്പാദന സംവിധാനങ്ങളുടെ പരിശോധന സംസ്ഥാനത്തെ എപിടിഎസ് സ്ക്വാഡുകളെയും ഏല്‍പ്പിക്കാനാണ് കെഎസ്ഇബി തീരുമാനം. തൃശൂര്‍, പാലക്കാട് സ്ക്വാഡുകള്‍ അധികജോലിയായി ഇത് ചെയ്യുന്നുമുണ്ട്. ചിലരുടെ താത്പര്യപ്രകാരം വൈദ്യുതി മോഷണം പിടികൂടുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റുന്നതിനാണ് കെഎസ്ഇബി ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: