പ്രാവ്ദ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ത്ഥം സത്യം എന്നാണ്. പക്ഷേ ഈ പേരില്‍ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പത്രം നുണകള്‍ പ്രചരിപ്പിക്കാനുള്ളതായിരുന്നു. റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിച്ചിരുന്നതുകൊണ്ട് മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കാനുള്ളതാണ് എന്നൊരു ധാരണയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം പുലര്‍ത്തുന്നത്. കാലപ്പഴക്കംകൊണ്ട് സത്യത്തോട് ഒരു തരം കുടിപ്പകതന്നെ ഈ പാര്‍ട്ടിയില്‍ രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിക്കൂട്ടില്‍ നില്ക്കുന്ന വന്‍ അഴിമതിക്കേസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെ ജനകീയ വിചാരണ ചെയ്ത സിപിഎം നടപടി ഇതിനനുസൃതമാണ്. അന്വേഷണ ഏജന്‍സികളുടെ വലയിലകപ്പെട്ടിരിക്കുന്ന ഇരുവരും എപ്പോള്‍ വേണമെങ്കിലും പിടിയിലാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മാധ്യമങ്ങള്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷന് തുടങ്ങിയ കേസുകളുടെ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ പൊളിക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്ന നുണകള്‍ ഭക്ഷിച്ചു ജീവിക്കാന്‍ പാര്‍ട്ടി അണികളെ പരിശീലിപ്പിക്കുന്നതിനിടെ ഇങ്ങനെ സംഭവിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നു കണ്ടാണ് മാധ്യമങ്ങളെ കടന്നാക്രമിച്ച് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നത്.
ശിവശങ്കറും സ്വപ്ന സുരേഷും ബിനീഷ് കോടിയേരിയും മറ്റും പ്രതികളായ കേസുകളുടെ ഇനിയും പുറത്തുവരാനിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പിണറായിക്കും കോടിയേരിക്കുമൊക്കെ നന്നായറിയാം. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഇതിനെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ പ്രോട്ടോകോള്‍ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചതിന്റെ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതിന്റെ ഫലമായിരുന്നു. തീപിടിത്തം സ്വമേധയാ ഉണ്ടായതല്ലെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായതോടെ ഈ നീക്കം ദുരുപദിഷ്ടമാണെന്ന് തെളിഞ്ഞു. രാജ്യദ്രോഹ കുറ്റം വരെ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളിലെ തെളിവുകള്‍ നശിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് മിണ്ടരുതെന്ന ഭീഷണിയായിരുന്നു ഇത്. വാര്‍ത്തകളെ ‘അപകീര്‍ത്തികരം’ എന്നു മുദ്രകുത്തി മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയാണ് വാര്‍ത്തകളെ ജനകീയ വിചാരണ ചെയ്തുകൊണ്ട് സിപിഎം സംഘടിപ്പിച്ച പരിപാടി. ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്ത് എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മാവോ സേതൂങ് നടപ്പാക്കിയ ഹിംസാത്മകമായ രീതികളുടെ അനുകരണമാണിത്. മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്ത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം.
മാധ്യമങ്ങളോടുള്ള പിണറായി വിജയന്റെ സമീപനം കുപ്രസിദ്ധമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കേരളം അതിന് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിണറായി പ്രതിയായ ലാവ്ലിന് അഴിമതി കേസിനെക്കുറിച്ചും, ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് സിപിഎം കോടിക്കണക്കിന് രൂപ കോഴ കൈപ്പറ്റിയതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞപ്പോള്‍ പിണറായി മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു. പാര്‍ട്ടി അഴിമതി നടത്തും. ഭരണത്തിലുള്ളപ്പോള്‍ അതിന്റെ വ്യാപ്തി വര്‍ധിക്കും. ഇതിനെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കാനോ, ഈ നടപടി ചോദ്യം ചെയ്യാനോ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കില്ല. പാര്‍ട്ടി മുഖപത്രത്തിന്റെയും ചാനലിന്റെയും ശൈലി എല്ലാ മാധ്യമങ്ങളും സ്വീകരിച്ചുകൊള്ളണം. അല്ലാത്തവരെ പാഠം പഠിപ്പിക്കും. ഇതാണ് നയം. ഇപ്പോള്‍ സ്വര്‍ണക്കടത്തിലും മയക്കുമരുന്നു വ്യാപാ
രത്തിലുമൊക്കെ സ്വന്തം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും വരെ ഉള്പ്പെട്ടിരിക്കുകയാണെന്ന ചിന്ത പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ അസ്വസ്ഥതകള്‍ വിതച്ചിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സത്യങ്ങള്‍ പെരുംനുണകളാണെന്ന് അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും. ഇതൊഴിവാക്കാനുള്ള വിഫലശ്രമമാണ് മാധ്യമ വിചാരണയ്ക്ക് ഇറങ്ങിത്തിരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: