കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ സ്വന്തം പേരില്‍ മാത്രമാക്കി ഉദ്ഘാടനം ചെയ്യുന്ന മര്യാദകെട്ട സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് കുറ്റപ്പെടുത്തി. കോഴിക്കോട് നഗരത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഔട്ട്ഡോര്‍ എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ബ്രിഡ്ജ് കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. ഇങ്ങനെ 50 ഓളം പദ്ധതികളാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രം കേന്ദ്രവിഹിതത്തോടെ പൂര്‍ത്തിയാകുന്നത്.
ഉദ്ഘാടനചടങ്ങിന്റെ ക്ഷണക്കത്തിലോ ശിലാഫലകത്തിലോ കേന്ദ്രപദ്ധതിയാണെന്ന് സൂചിപ്പിക്കുന്നില്ല. പ്രധാനമന്ത്രിയുടെയോ കേന്ദ്രമന്ത്രിയുടെയോ ചിത്രങ്ങളുമില്ല. കേന്ദ്രമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പി ക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമവും കോര്പറേഷന് നടത്തിയില്ല. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി എസ്കലേറ്ററിന്റെ ഉദ്ഘാടനതിയ്യതിയും ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചതിനുശേഷം കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്ത് അയക്കുക മാത്രമാണ് കോര്പ്പറേഷന് അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണ്.
നേരത്തെ കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനവും കേന്ദ്രം നിര്‍ദ്ദേശിച്ച മന്ത്രിമാരെ ഉള്‍പ്പെടുത്താതെയാണ് സംഘടിപ്പിച്ചത്. തരംതാണ ഇത്തരം സമീപനങ്ങള്‍ക്കെതിരെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി സ്വന്തം നിലയില്‍ പ്രചരണം സംഘടിപ്പിക്കുമെന്നും അഡ്വ.വി.കെ. സജീവന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: