കാസര്‍കോട്: കാസര്‍കോട് താലൂക്ക് ആയുര്‍വേദ ആശുപത്രി വികസനം സാധ്യമാകണമെങ്കില്‍ സമീപത്തെ റോഡ് കനിയേണ്ട അവസ്ഥയാണ്. സ്ഥലപരിമിതിക്കുള്ളില്‍ ഞെരുങ്ങുന്ന ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം പ്രദേശത്തുകാര്‍ റോഡായി ഉപയോഗപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായി വികസനം മുടങ്ങിയത്. ഒടുവില്‍ പ്രശ്നപരിഹാരം അടുത്തെത്തിയപ്പോള്‍ കടലാസ് ജോലികളാണ് തടസ്സം നില്‍ക്കുന്നത്. 60 സെന്റുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന സമയത്താണ് സ്വന്തം സ്ഥലം ഒഴിച്ചുവെച്ച് മതില് കെട്ടിയത്. ഇതോടെ പുറത്തായ 10 സെന്റ് നാട്ടുകാര്‍ റോഡായി ഉപയോഗിച്ചു തുടങ്ങി. പഴയ ദേശിയപാതയുടെ ഭാഗമായ ഈ റോഡിന്റെ 100 മീറ്ററോളമാണ് ആശുപത്രിയുടെ ഭാഗമായുള്ളത്. ഇതുവഴി നെല്‍ക്കള, വിദ്യാനഗര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയും.
സ്ഥലം അളന്ന് മതില് കെട്ടാന്‍ തുടക്കത്തിലുള്ള അധികൃതരുടെ ശ്രമങ്ങളെ നാട്ടുകാര്‍ സംഘടിതമായെതിര്ത്തു. റോഡ് ഏറ്റെടുക്കുന്നതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ചിരുന്നു. ആര്.ഡി. ഒ. തല ചര്‍ച്ച നടന്നെങ്കിലും നാട്ടുകാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പിന്നീട് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആശുപത്രിയുടെ സ്ഥലമേറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ കോടതിയില്‍ നിന്ന് തടസ്സ ഉത്തരവ് (ഇന്ജക്ഷന്) വാങ്ങി. ഇത് പ്രകാരം പുതിയ റോഡ് നിര്‍മിച്ചു നല്കിയ ശേഷം മാത്രമെ റോഡായി ഉപയോഗിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ സ്ഥലമേറ്റെടുക്കാന്‍ പാടുള്ളു.
ആശുപത്രിയുടെ ചുമതലയുള്ള കാസര്‍കോട് നഗരസഭ പുതിയ റോഡിനും മതിലിനും തുക വകയിരുത്തുകയും കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ റോഡിന് കണ്ടെത്തിയ സ്ഥലത്തെ മൂന്ന് വൈദ്യുതത്തൂണും ട്രാന്സ്ഫോമറുമാണ് പണി മുടക്കിയത്. ഇവ മാറ്റാനുള്ള അടങ്കല്‍ തയ്യാറാക്കാനായി നഗരസഭ കെ.എസ്.ഇ.ബി. കാസര്‍കോട് സര്‍ക്കിള്‍ എക്സ്ക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പ്രകാരം കെ.എസ്.ഇ.ബി. അടങ്കല്‍ തയ്യാറാക്കി നല്‍കുകയും നഗരസഭ ഇതിനുള്ള തുക അടയ്ക്കുകയും ചെയ്താലാണ് ട്രാന്‍സ്ഫോമറും തൂണും മാറ്റാനാവുക. ഇതിന് ശേഷം മാത്രമെ റോഡ് പണി ആരംഭിക്കാനാവൂകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: