പണ്ടേക്കുപണ്ടേ കേള്‍ക്കുന്ന ചൊല്ലുകളുണ്ട്. ”മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്”. രാഷ്ട്രീയരംഗത്ത് അടുത്തിടെ സ്വീകരിക്കുന്ന നിലപാടുകള്‍ കാണുമ്പോള്‍ ഓര്‍മവരുന്ന ചൊല്ലാണിത്. കോണ്‍ഗ്രസ്സുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്നാണ് ഒടുവിലത്തെ സിപിഎം നിലപാട്. പലതവണ ആലോചിക്കുകയും ചില പ്രദേശങ്ങളില്‍ പരീക്ഷിക്കുകയും ചെയ്ത നിലപാടിനെതിരെ ഇരു പാര്‍ട്ടികളിലും പിണക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂട്ടുകെട്ടുകള്‍ പ്രാദേശികം എന്ന് എതിര്‍പ്പുള്ളവരെ ആശ്വസിപ്പിക്കാറുണ്ട്. ആ സ്ഥിതിയല്ല ഒടുവിലത്തേത്. അതല്ല ഇപ്പോഴത്തെ വിഷയം. കേരള ഭരണത്തിലും സിപിഎം കേരളഘടകത്തിലും ഉരുത്തിരിഞ്ഞ പുതിയ പ്രശ്നത്തെക്കുറിച്ച് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കണ്ണുമടച്ച് പിന്തുണയ്ക്കുന്നതാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും അത് പരസ്യമായി പറയുകയും ചെയ്തു.
സര്‍ക്കാരിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഹൈജാക്ക് ചെയ്തതിനെ തള്ളിപ്പറയാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തുകയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ രാജ്യ വ്യാപകമായി നടത്തുന്ന നീക്കങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന വിതണ്ഡവാദവും കമ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറിമാര്‍ നിരത്തിയിരിക്കുന്നു. ഇതാരുടെ കണ്ണില്‍ പൊടിയിടാനാണ്? അണികള്‍ ഇത് വിശ്വസിക്കുമോ? ജനങ്ങള്‍ ഇത് അംഗീകരിക്കുമോ?
സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്ര സര്‍ക്കാരിന്റെ സൃഷ്ടിയാണോ? സ്വപ്ന സുരേഷിനെ കേരളത്തിന്റെ ശമ്പളക്കാരിയാക്കിയത് നരേന്ദ്രമോദിയാണോ? നയതന്ത്രബാഗിന്റെ മറവില്‍ സ്വര്‍ണവും ഈന്തപ്പഴവും ഖുറാനും കടത്താന്‍ നരേന്ദ്രമോദി നിര്‍ദേശിച്ചോ? ഇതൊന്നും സംഭവിച്ചില്ലെന്ന് കമ്യൂണിസ്റ്റ് ആചാര്യന്മാര് പറയുമോ? ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ലെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്ത് മുഖവിലയ്ക്കെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ തട്ടിപ്പിന്റെ ആഴവും പരപ്പും ഭീതിയുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയപ്പോള്‍ കസ്റ്റംസ് അന്വേഷണം വിപുലപ്പെടുത്തി. ബന്ധപ്പെട്ട മറ്റ് അന്വേഷണ ഏജന്‍സികളും രംഗത്തെത്തി. അന്വേഷണം ശരിയായ രീതിയിലെന്ന് സാക്ഷ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സമനില തെറ്റിയതെപ്പോഴാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും സംസ്ഥാന ഒന്നടങ്കം ചൊല്പ്പടിയില് നിര്‍ത്തിയ ഉദ്യോഗസ്ഥന് പിടിയിലായപ്പോഴല്ലേ.
എം. ശിവശങ്കറെന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. സ്വപ്നയെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിക്കെടുത്തത്, അത് പക്ഷേ മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടും! അവര്‍ക്ക് കള്ളപ്പണ (കോഴപ്പണം ഒളിപ്പിക്കാന്‍) ലോക്കര്‍ നല്കാന് ശുപാര്‍ശ ചെയ്തു. രഹസ്യചര്‍ച്ചകള്‍ക്ക് ഫഌറ്റ് തരപ്പെടുത്തിക്കൊടുത്തു. ഡോളര്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്തു. അങ്ങിനെ പലതും.
സ്വപ്നയും ശിവശങ്കറും അറസ്റ്റിലായ സ്ഥിതിക്ക് ഇനി അന്വേഷണം നീട്ടേണ്ടത് മുഖ്യമന്ത്രിയിലേക്കാണ്. വൈകിയാലും രക്ഷപ്പെടാന്‍ കഴിയാത്ത വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുണ്ടെന്നാണറിയുന്നത്.
ഇതൊന്നുമല്ലാതെ ഇനി രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരും ഏതാണ്ട് കുടുങ്ങുമെന്ന അവസ്ഥയിലുമാണ്. അപ്പോഴാണ് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നതുപോലെ.
ഭരണത്തിലെ കൊടുംചതികളും തട്ടിപ്പും മാത്രമല്ല, സംസ്ഥാന സിപിഎം സെക്രട്ടറിയുടെ മകന് മയക്കുമരുന്ന്, കള്ളപ്പണക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനും ഉത്തരം നല്‍കണമെന്നാണ് യെച്ചൂരി ബിജെപിയോട് പറയുന്നത്.
വേലയും കൂലിയുമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും മകനും എവിടെ നിന്ന് കോടികള്‍. മൂന്നു കോടിക്ക് മകന് വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങുന്ന അച്ഛന് ഒന്നും അറിയേണ്ടതില്ലെ? ആരെ കബളിപ്പിക്കാനാണ് ഈ ഒളിച്ചുകളി. എത്ര മറച്ചാലും ഒളിച്ചാലും ജനങ്ങള്‍ എല്ലാം അറിയുന്നു. അണികള്‍ക്കും എല്ലാം ബോധ്യമായി. അതിനിടയില്‍ നടത്തുന്ന പൊട്ടന് കളി സിപിഎമ്മിനെ എത്തിക്കുക ശ്മശാനത്തിലേക്കാകുമെന്നതാണ് ദുര്യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: