ബെംഗളൂരു: മയക്കുമരുന്നു കേസില്‍ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യും. ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചത്.
പൗരത്വ രജിസ്റ്റര്‍ ഭേദഗതിക്കെതിരെ കര്‍ണാടകത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ മലയാളി സാന്നിധ്യം വ്യക്തമായിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തി നില്‍ക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഇതുവരെ എട്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ റാക്കറ്റും ഇന്ത്യയില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നിലുണ്ടെന്നു കണ്ടെത്തിയിരുന്നു.
കായിക, ടെലിവിഷന്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 75 പേരെ ഇതിനകം ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു. ഇതില്‍ ബെംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍സിബി അറസ്റ്റു ചെയ്ത മലയാളികളായ അനൂപ് മുഹമ്മദ്, റജീഷ് രവീന്ദ്രന്, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ റിമാന്‍ഡിലാണ്.
മംഗളൂരുവില്‍ നടന്ന കലാപത്തിനു പിന്നില്‍ മലയാളികളാണെന്ന ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. കേരളത്തില്‍ നടന്ന പൗരത്വ രജിസ്റ്റര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങള്‍ അടക്കമുള്ള ചിലര്‍ ബിനീഷുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ഇവരില്‍ ചിലര്‍ക്ക് ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും നിയാസുമായും ബന്ധമുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ നടന്ന നിശാ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായുള്ള വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ശേഖരിച്ചതായാണ് വിവരം. ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന സൂചനയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: