ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍ കഴിയുന്ന ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്. കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷും തമ്മില്‍ ബന്ധമുണ്ട്. അനൂപ് നടത്തിയിരുന്ന ഹോട്ടലിന്റെ ഉടമ ബിനീഷാണെന്ന് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബിനീഷ് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാത്തതിനാലാണ് ചോദ്യം ചെയ്യല്‍ ഇത്രയും നീണ്ട് പോയതെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.
അതേസമയം മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാല്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയെ(എന്‍സിബി) വിവരം അറിയിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ബെംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടല്‍ നടത്തിപ്പിനായി അനൂപിനെ മറയാക്കി ബിനീഷ് പണം മുടക്കുകയായിരുന്നു. എന്നാല്‍ മയക്കുമരുന്ന് ബിസിനസ്സിനായാണ് അനൂപ് ഇത് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റേയും സംഘത്തിന്റെയും ലഹരി മരുന്ന് ഇടപാടുകള്‍ നിരീക്ഷച്ചതിന് ശേഷമാണ് എന്‍സിബി ഇവരെ പിടികൂടുന്നത്. ലഹരി മരുന്ന് പാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ഹോട്ടലിനെ നിരീക്ഷണത്തിലാക്കിയത്. പിന്നീട് ഓഗസ്റ്റ് മാസം ഹോട്ടലില്‍ നിന്നും ലഹരി മരുന്നുമായി അനൂപിനെ എന്‍സിബി പിടികൂടുകയായിരുന്നു.
25 ലക്ഷം മുന്‍കൂര്‍ നല്കി പ്രതിമാസം മൂന്നര ലക്ഷം രൂപ വാടകയ്ക്കാണ് അനൂപ് മുഹമ്മദ് കല്യാണ്‍നഗറിലെ റോയല്‍സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇതേ ഹോട്ടലിന്റെ 205 -ാം മുറിയിലാണ് അനൂപ് താമസിച്ചിരുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖര്‍ ഇവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയതായും അനൂപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: