കൊച്ചി: സാമ്പത്തിക സംവരണത്തെ സിപിഎം നേതാവും സംസ്ഥാന ഭരണപരിഷ്കാര കമ്മിറ്റി അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു: ”ഈ ബില്ലിനെ പുകഴ്ത്തി വാഴ്ത്തിയവരെ വഞ്ചകരെന്നു വേണം വിശേഷിപ്പിക്കാന്‍. സംവരണത്തെ അപ്പാടേ അട്ടിമറിക്കുന്ന ഈ നിയമത്തിനെതിരെ സമരം നടത്തണം, ഇത് സര്‍വമാന സവര്‍ണ ധനികരെ സഹായിക്കുന്നതാണ്.”
എന്നു മാത്രമല്ല, സംവരണത്തെ ആകെ തകിടം മറിക്കുന്നതാണെന്നും വി.എസ് എഴുതിയത് 2019 ജനുവരി 25 നായിരുന്നു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാനുകൂല്യമെന്ന നിയമത്തിനെതിരേയായിരുന്നു ഈ പ്രസ്താവന. അതേ നിയമം പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ സിപിഎം മൂന്നു കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാ ടുകള്‍ ലംഘിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സംവരണക്കാര്യത്തില്‍ പാര്‍ട്ടിയുടെ 15-ാം പാ ര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടുകള്‍ ഇങ്ങനെയായിരുന്നു. ഒന്ന്: 50 ശതമാനത്തില്‍ സംവരണം നിജപ്പെടുത്തിയ സുപ്രീംകോടതി വിധി പൊതുമാനദണ്ഡമാക്കണം. രണ്ട്: കാലങ്ങളായി അതിലേറെ സംവരണം നല്കുന്ന സംസ്ഥാനങ്ങള്‍ക്കേ അതില്‍ ഇളവ് നല്‍കാവൂ. മൂന്ന്: ദളിത് ക്രൈസ്തവര്‍ക്ക് കൂടി സംവരണം നല്‍കണം. ഈ തീരുമാനങ്ങള്‍ വിശദീകരിച്ച് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദ മാര്ക്സിസ്റ്റില് എഴുതിയ വിശദീകരണവുമുണ്ട്. ഇതില്‍നിന്ന് പാര്‍ട്ടി നിലപാട് മാറിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഒരു വര്‍ഷം കഴിഞ്ഞ് സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ കേരള സിപി എം സ്വതന്ത്രമായ മറ്റൊരു കമ്യൂണിസ്റ്റ് ഘടകമെന്ന നിലയില്‍ പ്രഖ്യാപനം നടത്തുകയാണെന്നും കമ്യൂണിസ്റ്റ് നിരീക്ഷകര്‍ വിമര്‍ശിക്കുന്നു.
‘സംവരണത്തെ ജാതി വേലികള്‍ ഉറപ്പിക്കാന്‍ വേണ്ടി, ജാതി വോട്ടു ബാങ്കുകളില്‍ കണ്ണുനട്ടു കൊണ്ട്, ഒരു പ്രതിലോമ ആയുധമായി ഉപയോഗിക്കുന്നതിനെ ചെറുക്കണം,’ എന്നും ‘എങ്ങനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ ഫാസിസ്റ്റ് ആര്‍എസ്എസ് പുറത്തെടുക്കുന്ന മേല്‍ജാതി പ്രീണന ഗിമ്മിക്കുകളാണ് സവര്‍ണര്‍ക്കുള്ള സംവരണ’മെന്നും വി.എസ്. അച്യുതാനന്ദന് വിശേഷിപ്പിച്ച ‘മോദി ബില്‍’ സംസ്ഥാനത്ത് നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന പാര്‍ട്ടി നയത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നതാണ് ഇനി അറിയാനുള്ളതെന്നും നിരീക്ഷകര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: