തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭനിലയത്തിലെ ജനറേറ്ററിന് വീണ്ടും തകരാര്‍. ജലനിരപ്പ് കാര്യമായി താഴ്ത്താനാകാത്തതിനാല് ഇത്തവണ ജലാശയം തുറക്കേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. ആകെയുള്ള ആറ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം.
ഒരെണ്ണം തകരാറിലായപ്പോള്‍ മറ്റൊരെണ്ണം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത് ആശ്വാസമാകുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് പദ്ധതിയുടെ ഭാഗമായ നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. ബയറിങ്ങിന്റെ താപനില വര്‍ദ്ധിച്ചതാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. ഇതോടെ ഈ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിലധികം സമയം എടുക്കും പണി തീര്‍ക്കാന്‍. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒരു മാസത്തിന് ശേഷം ഇന്നലെ രാത്രി 9.30യോടെയാണ് മൂന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയിലെ തുടര്‍ച്ചയായ ജനറേറ്റര്‍ തകരാര്‍ വൈദ്യുതി വകുപ്പിന് തലവേദനയാകുകയാണ്. കഴിഞ്ഞവാരം ഒന്നാം നമ്പര്‍ ജനറേറ്ററിന് തകരാര്‍ സംഭവിച്ചിരുന്നു. ഇത് രണ്ട് ദിവസം കൊണ്ട് പരഹരിച്ചപ്പോഴാണ് വീണ്ടും പ്രശ്നം വരുന്നത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് കഴിഞ്ഞ വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി തീര്‍ത്ത ശേഷം ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഇന്നലെ വൈകിട്ട് വീണ്ടും തകരാര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് രാത്രിയോടെ പ്രശ്നം കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തി പരിഹരിക്കുകയായിരുന്നു.
ജനുവരി 20ന് ആണ് പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച രണ്ടാം നമ്പര്‍ ജനറേറ്ററിന് ട്രയലിനിടെ വീണ്ടും തകരാര്‍ കണ്ടെത്തിയിരുന്നു. കൊറോണയെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നത് ആദ്യം വൈകിയിരുന്നു. പിന്നീട് ഇവയെത്തിച്ച് പണി പൂര്‍ത്തിയാക്കി ട്രയല്‍ നടത്തിയപ്പോഴാണ് കഴിഞ്ഞവാരം തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ജനറേറ്ററിന്റെ ഇന്‍സുലേഷനാണ് തകരാര്‍. ഇത് കണ്ടെത്തണമെങ്കില്‍ സ്റ്റേറ്ററിന്റെ വൈന്‍ഡിങ് പൂര്‍ണ്ണമായും പരിശോധിക്കേണ്ടതുണ്ട്. കത്തുകയും പുകയുകയും ചെയ്യാത്തതിനാല്‍ എവിടെയാണ് തകറാറെന്ന് കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേ സമയം ഇടുക്കിയിലെ ജലനിരപ്പ് മഴ കുറഞ്ഞിട്ടും കാര്യമായ കുറവില്ലാതെ ദിവസങ്ങളായി തുടരുകയാണ്. 2393.90 അടിയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്, 90%, പരമാവധി സംഭരണ ശേഷിയ്ക്ക് 10 അടി താഴെയാണിത്. ഇന്ന് മുതല്‍ തുലാമഴ കൂടി എത്താനിരിക്കെ ആശയകുഴപ്പത്തിലാണ് അധികൃതര്‍. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉത്പാദനം ഈ മാസം 13ന് ആണ് ഇരട്ടിയായി കൂട്ടിയത്. നിലവിലെ സാഹചര്യത്തില്‍ പരമാവധി 8-10 മില്യണ്‍ യൂണിറ്റില്‍ കൂടുതല്‍ ദിവസവും ഉത്പാദിപ്പിക്കാനാകില്ല. ഇത് മഴ ശക്തമായാല്‍ സംഭരണി തുറക്കേണ്ട സ്ഥിതിയിലേക്ക് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: