കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന് തുടക്കമായി. കോര്പറേഷന് ഓഫീസിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് ഭരണം സിപിഎമ്മിലെ ചില നേതാക്കള്‍ കുടുംബസ്വത്തായി കൊണ്ടു നടക്കുകയാണെന്ന് എം.ടി. രമേശ് ആരോപിച്ചു. പതിറ്റാണ്ടുകളായി കോര്പറേഷന് ഭരിക്കുന്ന സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിക്ക് വേണ്ട രീതിയില്‍ വികസന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യനഗരമെന്ന പേരിലാണ് ചരിത്രത്തില്‍ കോഴിക്കോടിന്റെ പേര് ഇടം പിടിച്ചിരുന്നത്. ആ പേര് അന്വര്‍ത്ഥമാക്കുന്നതിനായി സ്വന്തമായി ഒരു പദ്ധതി ആസ്തൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഭരണ സമിതികള്ക്കായിട്ടില്ല നഗരത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപരിയായി തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഭരണക്കാര്‍ ശ്രമിച്ചത്. നഗരഭരണത്തെ മറയാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സിപിഎമ്മുകാര്‍ നടത്തിയത്. കോര്പ്പറേഷന് ഭരണത്തെ കറവപശുവായാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനാണ് ആദ്യ ദിവസം സത്യഗ്രഹമിരുന്നത്. ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവന്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ബി.കെ. പ്രേമന്, അഡ്വ. കെ.വി. സുധീര്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, സംസ്ഥാനകൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷണന്, ബിജെപി കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ് കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത്, ജിഷ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ കമ്മറ്റി അഗം ജയപ്രകാശ് കായണ്ണ സമാപനപ്രസംഗം നടത്തി.
ബുധനാഴ്ച്ച നടക്കുന്ന സത്യഗ്രഹം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. ഷൈമ പൊന്നത്ത് സത്യഗ്രഹം ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: