ഇസ്ലാമാബാദ്: പാക്കിസ്ഥാന് പാക്കിസ്ഥാനോട് തന്നെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് പാക് അധിനിവേശ കശ്മീരിലെ സാമൂഹിക പ്രവര്ത്തകന്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമര്‍ശിച്ചും പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള അംജാദ് ആയുബ് മിര്‍സ രംഗത്തെത്തി. സിന്ധ് പ്രവിശ്യയുടെ ഇന്‍സ്പെക്ടര്‍ ജനറലിനെ മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയി. കഴിഞ്ഞ രാത്രി മാധ്യമപ്രവര്‍ത്തകനായ അലി ഇമ്രാനെ കാണാതായി. ഇന്നലെ നാഷണല്‍ അസംബ്ലി അംഗം മൊഹ്സിന്‍ ദവാറിനയെും തട്ടിക്കൊണ്ടു പോയി. പാക്കിസ്ഥാന് പാക്കിസ്ഥാനോട് തന്നെ യുദ്ധം ചെയ്യുകയാണ്, അംജാദ് ഫേസ്ബുക്കില്‍ കുറിച്ചു.
പാക്കിസ്ഥാനിലെ പ്രതിപക്ഷമായ പാക്കിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ (പിഡിഎം) റാലിയില്‍ പങ്കെടുക്കാനെത്തിയ നാഷണല്‍ അസംബ്ലി അംഗവും പഷ്തൂണ്‍ തഹ്ഫസ് മൂവ്മെന്റ് (പിടിഎം) നേതാവുമായ മൊഹ്സിന്‍ ദാവറിനെ ബലൂചിസ്ഥാനിലെ വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതില്‍ പ്രതിഷേധിച്ച് തന്നെ ഭീഷണിപ്പെടുത്താനോ തന്റെ വാമൂടാനോ ആര്‍ക്കും കഴിയില്ലെന്ന് മൊഹ്സിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അംജാദ് ആയുബ് മിര്‍സ രംഗത്തെത്തിയിത്.
പാക്കിസ്ഥാന് മുസ്ലിംലീഗിന്റെ നേതാവ് സഫ്ദാര്‍ അവാനെ അറസ്റ്റു ചെയ്തതിന്റെ ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ട മാധ്യമപ്രവര്‍ത്തകനാണ് അലി ഇമ്രാന് സെയ്ദ്. ഇദ്ദേഹത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പിന്നീട് 22 മണിക്കൂറുകള്‍ക്കു ശേഷം ഇമ്രാന് തിരിച്ചെത്തിയതായി ചാനല്‍ ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ 19ന് പിഎംഡിയുടെ റാലിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കറാച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് സഫ്ദര്‍ അവാന് അറസ്റ്റിലാകുന്നത്. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫിന്റെ ഭര്‍ത്താവാണ് സഫ്ദര്‍.
സഫ്റിന്റെ അറസ്റ്റിന് പിന്നാലെയാണ് സിന്ധിലെ പോലീസ് ഐജി മുസ്താക് മെഹ്റിനെ കാണാതായത്. സഫ്ദറിന്റെ അറസ്റ്റില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുസ്തക് മെഹ്റിനുമേല് ചിലര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അവരാണ് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഫ്ദറിന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും അവധിയിലാണ്. മൂന്ന് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമാര്‍, 25 ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലുമാര്‍, 30 സീനിയര്‍ സൂപ്രണ്ടുമാര്‍, ഡസന്‍ കണക്കിന് സുപ്രണ്ടുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെല്ലാം അവധിക്ക് അപേക്ഷ കൊടുത്തു.
തുടര്‍ന്ന് വിഷയം സൈന്യം ഏറ്റെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സൈന്യത്തിന്റെ ഇടപെടലിനെതിരെ കോടതീയലക്ഷ്യത്തിന് നോട്ടിസ് അയയ്ക്കാന്‍ സിന്ധ് ബാര്‍ കൗണ്‍സില്‍ പാക്കിസ്ഥാന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: