തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി, മുസ്ലിം വര്‍ഗീയതയും മതമൗലികവാദവും പ്രചരിപ്പിക്കുന്ന സംഘടനകളെ മുന്നണികളിലെടുക്കാന് സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം മത്സരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി ധാരണയിലെത്തിയിരിക്കുന്നത് വളരെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമാക്കാനായിരുന്നു ഈ ചര്‍ച്ച. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒപ്പമായിരുന്ന ജമാഅത്തെ ഇസ്ലാമിയെ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്കി മറുകണ്ടം ചാടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ്. തെറ്റും കാലഹരണപ്പെട്ടതുമായ നയങ്ങള്‍ പിന്‍പറ്റുക വഴി വിശ്വാസ്യതയും ജനപിന്തുണയും നഷ്ടമായ കോണ്‍ഗ്രസ്സും സിപിഎമ്മും മതവര്‍ഗീയതയുടെ പുലിപ്പുറത്തു കയറി രാഷ്ട്രീയനേട്ടം കൊയ്യാനാണ് നോക്കുന്നത്. മുസ്ലിം പാര്‍ട്ടികളുടെ വര്‍ഗീയമായ വിലപേശലിനു മുന്നില്‍ ഇടതു-വലതു മുന്നണി നേതൃത്വം മുട്ടുമടക്കിയിരിക്കുകയാണ്. കേരളത്തില്‍ ആര് അധികാരത്തില്‍ വന്നാലും തങ്ങളുടെ വിധ്വംസക രാഷ്ട്രീയം വിജയിപ്പിച്ചെടുക്കാനുള്ള അടവുനയമാണ് മുസ്ലിം മതതീവ്രവാദികള്‍ പ്രയോഗിക്കുന്നത്. ഇതിനുവേണ്ടിയുള്ള എല്ലാ ഒത്താശകളും മുസ്ലിംലീഗ് ചെയ്തുകൊടുക്കുന്നു.
മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയും കേരളത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമൊപ്പമാണ്. ഇതുവഴി തങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണ ഉപയോഗിച്ച് സമൂഹത്തില്‍ ദേശവിരുദ്ധമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും, കൊലപാതകമുള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇക്കൂട്ടര്‍. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രക്ഷോഭം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് നിര്‍ബാധമായ പിന്തുണയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും നല്‍കിയത്. കര്‍ണാടകയില്‍ ഇവര്‍ ഇതേ പ്രക്ഷോഭം നടത്തിയത് കോണ്‍ഗ്രസ്സിന്റെ തോളില്‍ കയറിയാണ്. ഇതിന്റെ പരിണിതഫലമായിരുന്നു പ്രവാചകനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ മറവില്‍ ബെംഗളൂരുവില്‍ അരങ്ങേറിയ വര്‍ഗീയ കലാപം. ഓരോ സംസ്ഥാനത്തും തരാതരം പോലെ രാഷ്ട്രീയ വിലപേശല്‍ നടത്തി തങ്ങളുടെ ദേശവിരുദ്ധമായ അജണ്ട മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് മുസ്ലിം തീവ്രവാദികളുടെ തന്ത്രം. ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ പേരില്‍ കലാപത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്റെ പരിവേഷമുള്ള മതതീവ്രവാദിയെ പിന്തുണച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ രംഗത്തുവരികയുണ്ടായല്ലോ.
ജമാഅത്തെ ഇസ്ലാമിയായാലും പോപ്പുലര്‍ ഫ്രണ്ടായാലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് പൂര്‍ണമായും ശരിയാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളില്‍നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആവിര്‍ഭാവം. ജമ്മുകശ്മീരിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമൊക്കെ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പൈശാചിക മുഖം പലയാവര്‍ത്തി വെളിപ്പെട്ടിട്ടുള്ളതാണ്. ഈ ചരിത്രമൊക്കെ മൂടിവച്ചുകൊണ്ടാണ് ഇക്കൂട്ടരുമായി സിപിഎമ്മും കോണ്‍ഗ്രസ്സും സൗകര്യംപോലെ സഖ്യമുണ്ടാക്കുന്നത്. ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശില്‍പോലും നിരോധിക്കപ്പെട്ടിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ഭാരതം പോലുള്ള ഒരു മതേതര രാജ്യത്ത് അതിന്റെ പേരില്‍ ആണയിടുന്നവര്‍ രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുന്നതിന്റെ അപകടവും കാപട്യവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പരിഷ്കൃത സമൂഹം പൊതുവിടങ്ങളില്‍നിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്ന മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്താനും, ഇവരെ കൂട്ടുപിടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പാഠം പഠിപ്പിക്കാനുമുള്ള കടമ യഥാര്‍ത്ഥ മതേതരവിശ്വാസികള്‍ക്കും ജനാധിപത്യവാദികള്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: