കോഴിക്കോട്: സിപിഎം നേതൃത്വത്തിന്റെ പുതിയ ജമാഅത്തെ ഇസ്ലാമി വിരോധം വിശദീകരിക്കാനാകാതെ അണികള്‍. മുസ്ലീം ലീഗുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിലാകുമെന്ന് തീരുമാനമായതോടെയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ നിര്‍ബ്ബന്ധിതരായത്.
മുസ്ലീം ലീഗിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തെ എതിര്‍ക്കുന്ന സിപിഎം ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുമായി ഭരണം പങ്കിടുന്നതും വിശദീകരിക്കാനാകാതെ പാര്‍ട്ടി അണികള്‍ കുഴയുകയാണ്. 2015 ല്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ സാമ്പാര്‍ മുന്നണിയെന്ന് പരിഹസിക്കപ്പെട്ട സിപിഎം – വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുക്കം നഗരസഭയില്‍ ഇടതുമുന്നണിയുടെ മൃഗീയ ഭൂരിപക്ഷത്തിന് കാരണം ഈ സഖ്യമായിരുന്നു. മത്സരിച്ച മൂന്നു സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ 16 സീറ്റില്‍ രണ്ടു സീറ്റായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നത്. ഈ രണ്ടു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും 12 സീറ്റില്‍ ഇടതുമുന്നണിയും വിജയിച്ചതിനെ തുടര്‍ന്നാണ് പതിനാറില്‍ പതിനാല് സീറ്റും നേടി ഇടതുമുന്നണി ഭരണത്തിലേറിയത്.
കാരശ്ശേരി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്കിയ ഒരു സീറ്റില്‍ അവര്‍ക്ക് വിജയിക്കാനായില്ലെങ്കിലും പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും ഇടതുമുന്നണിക്ക് തിരിച്ചു പിടിക്കാനായത് മുസ്ലീം തീവ്രവാദ സംഘടനാ ബന്ധമായിരുന്നു.
ചങ്ങരോത്ത്, വേളം, വാണിമേല്‍, മരുതോങ്കര, നടുവണ്ണൂര്‍, തുറയൂര്‍, പുതുപ്പാടി, പെരുവയല്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം സഖ്യത്തിലായിരുന്നു.
സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയുമായി സംയുക്ത സമരമായിരുന്നു നടത്തിയത്.
പിണറായി വിജയന് അധികാരത്തിലെത്തിയതിന് ശേഷമാണ് സിപിഎം സമരത്തില്‍ നിന്ന് പിന്മാറിയത്. സിഎഎ വിരുദ്ധ സമരത്തിലും സിപിഎം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: