ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ മറ്റനവധി തലങ്ങളും കാണാനായി. ആത്മപരിശോധനാത്മകമായ ഒരു ചിന്താധാരയിലേക്ക് ലോകം മാറുകയാണ്. ‘പുതിയ-സാധാരണത്വം’ എന്ന പ്രയോഗം പലേടത്തും ഉയര്‍ന്നു വരുന്നു. യാന്ത്രികമായി മനുഷ്യന് ചെയ്തുവന്നിരുന്ന പല പ്രവൃത്തികളും മഹാമാരിയുടെ വരവോടെ വെട്ടിച്ചുരുക്കപ്പെട്ടു. ജീവിതം തന്നെ ഏതാണ്ട് സ്തംഭനത്തിലായി. മനുഷ്യജീവിതത്തിലേക്ക് കൃത്രിമമായി കടന്നുവന്ന ശീലങ്ങളെല്ലാം അനാവശ്യമാണെന്നും ജീവിതത്തിന് അനിവാര്യമായവ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ബോധ്യമായി. നാമമാത്രമായിട്ടാണെങ്കിലും അവനിലനില്ക്കുകയും ചെയ്യുന്നു.
ലോക്ഡൗണിന്റെ ഒരാഴ്ചകൊണ്ടുതന്നെ നാം ശ്വസിക്കുന്ന വായുവില്‍ ഗുണകരമായ മാറ്റമുണ്ടായി. നദികളും കുളങ്ങളും അരുവികളും ശുദ്ധജലം കൊണ്ടുനിറഞ്ഞു. സമീപത്തെ പാര്‍ക്കുകളിലും നഗരങ്ങളിലെ പൊതുസ്ഥലങ്ങളിലും പക്ഷികളെയും മറ്റും കാണാറായി. മനുഷ്യന്റെ ഓര്‍കളിലേക്ക് കിളിനാദനങ്ങള് വീണ്ടും കടന്നുവന്നു.
പണ സമ്പാദനത്തിലും ഉപഭോഗ വസ്തുക്കളിലും നോട്ടമിട്ടു പാഞ്ഞ നമ്മള് ചില അടിസ്ഥാന ജീവിത മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ അവ നമ്മുടെ ജീവിതത്തെ വീണ്ടും ആനന്ദമയമാക്കി. സംസ്കാരിക മൂല്യങ്ങളെപ്പറ്റി നാം ബോധവാന്മാരായി. ദേശകാല പരിതസ്ഥിതികള്ക്കനുസൃതമായ സുസ്ഥിര ജീവിത പദ്ധതിയെപ്പറ്റി കുടുംബങ്ങളില്‍ പര്യാലോചന നടക്കുകയും അവയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സാംസ്ക്കാരികമൂല്യങ്ങളെ പറ്റി ജനങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിക്കഴിഞ്ഞു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും കുടുംബ സംവിധാനങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മനസ്സിലാക്കുവാനും സമൂഹം തയ്യാറായിരിക്കുന്നു. ഈ തിരിച്ചറിവുകളെല്ലാം മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ മാത്രമാണോ അതോ യാഥാര്‍ഥ്യമാണോ എന്ന് കാലം പറയട്ടെ. ഒന്നുറപ്പാണ്, ജീവിതമൂല്യം എന്ന കാന്തത്തിലേക്ക് മനുഷ്യബോധത്തെ ആകര്‍ഷിക്കാന്‍ ഈ മഹാമാരി കാരണമായിട്ടുണ്ട്.
കമ്പോള ശക്തികളുടെ ആധീശത്വം കൊണ്ട് ലോകത്തെ ഏകോപിപ്പിക്കുക എന്ന ചിന്താഗതിക്കായിരുന്നു അടുത്തകാലം വരെ പ്രാമുഖ്യം. പുതിയ സംഭവ വികാസങ്ങളോടെ നമ്മുടെ തനിമകളെ സംരക്ഷിച്ചു നിലനിര്‍ത്തിയും ക്രിയാത്മകമായി എങ്ങിനെ ലോകത്തോട് സഹകരിക്കാം എന്ന ചിന്താഗതി പ്രധാന്യം നേടിയിട്ടുണ്ട്. സ്വദേശികളുടെ ആവശ്യകത വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഭാരതീയ കാഴ്ചപ്പാടിനും മേല്‍പ്പറഞ്ഞ കാര്യങ്ങളെ പുനര്‍ നിര്‍വചിക്കുകയും നമ്മുടെ കാലാതിവര്‍ത്തിയായ മൂല്യങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും പുതിയ വഴിവെട്ടിത്തുറക്കുകയും വേണം.
മഹാമാരിയുടെ ഉല്‍പ്പത്തിയില്‍ ചൈനയുടെ പങ്ക് തര്‍ക്ക വിഷയമാണെങ്കിലും തങ്ങളുടെ സാമ്പത്തിക-സാമ്രാജ്യത്വബലം കൊണ്ട് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഭീകരവാദം അഴിച്ചുവിടാനും ഭൂ പ്രദേശം കയ്യടക്കാനുമുള്ള ഹീനമായ പരിശ്രമങ്ങള്‍ ലോകത്തിന് ബോധ്യമുള്ളതാണ്. ഭാരതത്തിലെ ഭരണകൂടവും സൈന്യവും ജനങ്ങളും അചഞ്ചലമായി ഈ കയ്യേറ്റത്തോട് ശക്തമായി പ്രതികരിച്ചു.
ഈ ദൃഢനിശ്ചയവും ആത്മാഭിമാനവും ധൈര്യവും ചൈനയെ ഞെട്ടിച്ചുകളഞ്ഞു. ഇനിയങ്ങോട്ടും നാം കരുതലോടെ ഉറച്ചുനില്‍ക്കണം. ചൈനയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ലോകം മുമ്പ് പലതവണ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവരുടെ വൈതാളിക മോഹങ്ങളെ നിര്‍ജീവമാക്കാന്‍ സാമ്പത്തികമായും തന്ത്രപരമായും മേല്‍കൈ നേടേണ്ടതുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും അയല്‍രാജ്യങ്ങളുമായുള്ള സഹകരണവും വര്‍ധിപ്പിക്കേണ്ടതുമുണ്ട്. നമ്മുടെ നേതൃത്വത്തിന്റെ നയങ്ങള്‍ ഈ ദിശയിലുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: